മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞു, പെണ്‍കുട്ടി ജീവനൊടുക്കി

പയ്യന്നൂര്‍ - ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാവ് വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി ദേഹത്തു തീ കൊളുത്തി ജീവനൊടുക്കി.
മാത്തില്‍ അയ്യോളത്തെ ഫാത്തിമത്ത് അന്‍ഫിയ (14) യാണ് പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍  വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മാതാവ് ജോലിക്ക് പോയ സമയത്ത്   തീകൊളുത്തി നിലവിളിച്ച് വീടിന് പുറത്തേക്കോടിയ പെണ്‍കുട്ടിയെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. 55 ശതമാനം പൊള്ളലേറ്റിരുന്നു.
ഏതാനും ദിവസം മുമ്പ് ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാവ് കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. രണ്ടു ദിവസം ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നില്ലത്രേ. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ദേഹത്ത് തീ കൊളുത്തിയത്. മാതാവ് താഹിറ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ സ്വീപ്പറായി ജോലി ചെയ്തുവരികയാണ്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസം. മാത്തില്‍ ഗവ. ഹൈസ്‌കൂള്‍
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമത്ത്. പെരിങ്ങോം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

 

Latest News