പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കം വരുത്തി, സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടി

കണ്ണൂര്‍- പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടി. പേരാവൂര്‍ ഏരിയാ കമ്മിറ്റിയംഗവും കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയുമായ കെ.കെ ശ്രീജിത്തിന് എതിരെയാണ്  നടപടി. നിലവില്‍ വഹിക്കുന്ന സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനാണ് തീരുമാനം.

കണ്ണൂരിലെ ഡി.വൈ.എഫ്.ഐയുടെ (ഉഥഎക) ബ്ലോക്ക് ഭാരവാഹിയാണ് ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന്
പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയ നടപടി ഉണ്ടായതായി പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 22 നാണ് പരാതിക്ക് ആധാരമായ സംഭവം ഉണ്ടായത്. എന്നാല്‍ സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം പരാതി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് അടിയന്തര നടപടി എടുക്കാന്‍ പേരാവൂര്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പേരാവൂര്‍ ഏരിയ കമ്മിറ്റി യോഗം കെ.കെ ശ്രീജിത്തിനെതിരെ നടപടി വേണമെന്ന നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് നിലവില്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

 

Latest News