ഷട്ടറിനടിയില്‍ കൂടി വെളിച്ചം വരുന്നു, അകത്തു കയറിയ പോലീസ് കണ്ടത് കള്ളന്മാരെ

കോട്ടയം - വാഴൂരില്‍ പലചരക്കുകട കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടെ രണ്ടംഗ സംഘം പോലീസ് പിടിയില്‍. തൊടുപുഴ കാരിക്കോട് താഴേത്തൊടിയില്‍ ബിജു (പുള്ള്47), വെള്ളിയാമറ്റം കൊള്ളിയില്‍ അജേഷ് (37) എന്നിവരെയാണു പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെത്തിയ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
സ്‌കൂട്ടര്‍ വാഴക്കുളത്തുനിന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്. കടയില്‍ മോഷണത്തിനു കയറുന്നതിനു മുന്‍പ് ചാമംപതാലിലെ കള്ളുഷാപ്പില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന കള്ള് എടുത്തു കുടിക്കുകയും 2 കുപ്പി കള്ള് മോഷ്ടിക്കുകയും ചെയ്തു. ഇതും കൈവശം വച്ചാണു കടയില്‍ മോഷണത്തിനു കയറിയത്.

വാഴൂര്‍ എസ്.വി.ആര്‍ എന്‍.എസ്.എസ് കോളജിനു സമീപം പലചരക്ക്‌സ്റ്റേഷനറി വ്യാപാരം നടത്തുന്ന മുഹമ്മദ് ഷെബിന്റെ കടയുടെ മൂന്ന് ഷട്ടറുകളാണു ഇവര്‍ കുത്തിത്തുറന്നത്. രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ കോളജ് പടിക്കല്‍ എത്തിയ പോലീസ് സംഘം കടയുടെ ഷട്ടറിന്റെ അടിഭാഗം തുറന്നു വെളിച്ചം പുറത്തേക്കു വരുന്നതു ശ്രദ്ധിച്ചു.

മുമ്പോട്ടു പോയ പോലീസ് ജീപ്പ് പിന്നോട്ടെടുത്തു കടയുടെ മുന്നിലെത്തി ഷട്ടര്‍ ഉയര്‍ത്തി. ഈ സമയം കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു. ഇരുവരെയും പോലീസ് സംഘം പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണു മോഷണം നടത്തുകയാണെന്ന വിവരം അറിയുന്നത്. കടയിലെ സ്റ്റേഷനറി സാധനങ്ങള്‍ ചാക്കില്‍ നിറക്കുന്നതിനിടെയാണു പോലീസ് എത്തിയത്.

 

Latest News