കല്‍ക്കരിക്ഷാമം വീണ്ടും, വൈദ്യുതി തടസ്സപ്പെടും

ന്യൂദല്‍ഹി- രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്നു. കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ വൈദ്യുതി ലഭ്യതക്ക് കുറവുണ്ട്. വോള്‍ട്ടേജ് കുറച്ച് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാണ് കേരളത്തിന്റെ ശ്രമം.

കനത്ത ചൂട് കാരണം വൈദ്യുതി ഉപയോഗം രാജ്യത്താകമാനം ഉയര്‍ന്നിട്ടുണ്ട്. കോവിഡിന് ശേഷം വ്യവസായ മേഖലയും വിപണിയും ഉണര്‍ന്നതും വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിപ്പിച്ചു. അതേസമയം കല്‍ക്കരി ലഭ്യത കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 623 മില്യണ്‍ യൂണിറ്റ് വൈദ്യതിയുടെ കുറവാണ് കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്തുണ്ടായത്. രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങി ഒന്‍പത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ആരംഭിച്ചു.

കേരളത്തില്‍ പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. താപവൈദ്യുത നിലയങ്ങളുമായുള്ള കരാര്‍ പ്രകാരം ലഭിക്കേണ്ട വൈദ്യുതിയില്‍ 78 മെഗാവാട്ടിന്റെ കുറവുമുണ്ടായി. ഈ കുറവ് പരിഹരിക്കാന്‍ വൈദ്യുതി ഉപയോഗം കുറക്കുകയാണ് പ്രധാന പോംവഴി. അതിനായി ചില സമയങ്ങളിവല്‍ വോള്‍ട്ടേജ് കുറച്ച് 120 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

കായംകുളം താപ വൈദ്യുത നിലയത്തില്‍നിന്ന് 330 മെഗാവാട്ടും നല്ലളം താപ നിലയത്തില്‍നിന്ന് 90 മെഗാവാട്ടും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള സാധ്യത മുന്നിലുണ്ട്. എന്നാല്‍ ഡീസല്‍, നാഫ്ത എന്നിവയുടെ ഉയര്‍ന്ന വില കാരണം ഒരു യൂണിറ്റ് വൈദ്യുത ഉല്‍പാദനത്തിന് 16 രൂപ ചിലവ് വരും. ഇത് വൈദ്യുതബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ചിലവ് കുറച്ച് വൈദ്യുതി ലഭ്യമാക്കാന്‍ നിലവില്‍ കരാറില്‍ ഏര്‍പ്പെടാത്ത സ്വകാര്യ നിലയങ്ങളുമായി ചര്‍ച്ച നടത്തുകയാണ് വൈദ്യുത ബോര്‍ഡ്. വിദേശത്ത് നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

 

Latest News