Sorry, you need to enable JavaScript to visit this website.

യു.എ.ഇ വിസയുടെ ഉദാരവൽക്കരണം

നിലവിൽ 18 വയസ്സു കഴിഞ്ഞാൽ രക്ഷിതാക്കളെല്ലാം ആൺകുട്ടികളെ നാട്ടിലേക്കോ, അതല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്കോ ആണ് ഉപരി പഠനത്തിനു വിടുന്നത്. 25 വയസ്സുവരെ ആൺകുട്ടികളെയും പ്രായപരിധിയില്ലാതെ പെൺകുട്ടികളെയും കൂടെ നിർത്താമെന്നു വന്നതോടെ ഉപരിപഠനത്തിന് അധികപേരും ഇനി തെരഞ്ഞെടുക്കുക യു.എ.ഇയിലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളായിരിക്കും. റാങ്കിംഗിൽ മുന്നിൽ നിൽക്കുന്ന ഒട്ടേറെ സർവകലാശാലകളുടെ കാമ്പസുകൾ ഇപ്പോൾ തന്നെ രാജ്യത്തുണ്ട്. 


വിസ്മയങ്ങൾ തീർക്കുന്നതിൽ ലോകത്ത് എന്നും മുൻപന്തിയിലാണ് യു.എ.ഇ. വികസനത്തിന്റെ കാര്യത്തിലായാലും സാങ്കേതിക, നൂതന പദ്ധതികളിലായാലും, വിസ്മയ കാഴ്ചകളൊരുക്കുന്നതിലായാലും, മരൂഭൂമിയെ സ്വർഗസമാന വിനോദ സഞ്ചാര കേന്ദ്രമാക്കി ലോക ജനതയെ രാജ്യത്തേക്ക് ആകർഷിക്കുന്നതിലായാലും യു.എ.ഇ എന്നും മുന്നിലാണ്. അതുകൊണ്ടുതന്നെ യു.എ.ഇ സന്ദർശിക്കാനും ജോലി തേടാനും സ്ഥിരതാമസമാക്കാനുമായി ആഗ്രഹിക്കുന്നവരുടെ എണ്ണം അനുദിനം വളർന്നു വരികയാണ്. ഇപ്പോൾ വിദ്യാഭ്യാസം നേടാനും യു.എ.ഇ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുകയാണ്.  സർവീസിൽനിന്ന് വിരമിച്ചാലും ഏതു രാജ്യക്കാരാനായാലും യു.എ.ഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരും കുറവല്ല. വിശ്രമ സൈ്വര ജീവിതത്തിനായി യു.എ.ഇയെ തെരഞ്ഞെടുക്കുന്നവരും ഒട്ടേറെ. ഇങ്ങനെയുള്ള വിവിധ ആഗ്രഹക്കാരുടെ ആഗ്രഹങ്ങൾ സഫലീകരിച്ചു നൽകുന്ന തീരുമാനങ്ങളാണ് യു.എ.ഇ വിസാ നിയമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സ്വീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ വിവിധ രാജ്യങ്ങളുമായി നയതന്ത്ര, വ്യാപാര, വാണിജ്യ കരാറുകളുണ്ടാക്കി സാമ്പത്തിക രംഗവും ലോക രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിലും യു.എ.ഇ മാതൃകയാണ്. ഇതിന്റെയൊക്കെ ഫലമായി യു.എ.ഇയിലേക്ക് ഓരോ വർഷവും ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിനു പേരാണ്. കോവിഡ് ഭീതി പൂർണമായും വിട്ടകലാതെ നിലനിന്നിരുന്ന ഇക്കഴിഞ്ഞ വർഷം തന്നെ 72.8 ലക്ഷം പേരാണ് യു.എ.ഇ സന്ദർശിക്കാനെത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 32 ശതമാനം വർധനയാണിത്. കോവിഡ് ഭീതി ഏതാണ്ട് വിട്ടകന്ന കഴിഞ്ഞ വർഷ അവസാന ക്വാർട്ടറിൽ മാത്രം യു.എ.ഇയിലെത്തിയത് 35 ലക്ഷത്തോളം പേരാണ്. യു.എ.ഇ സന്ദർശിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഇന്ത്യക്കാരാണ്. ഇക്കഴിഞ്ഞ വർഷം മാത്രം ഏതാണ്ട് പത്തു ലക്ഷത്തോളം ഇന്ത്യക്കാർ യു.എ.ഇ കാണാനെത്തിയിരുന്നു. തൊട്ടു പിന്നിൽ സൗദി അറേബ്യ, റഷ്യ, യു.കെ രാജ്യക്കാരാണ് കൂടുതലായി യു.എ.ഇയിലെത്തുന്നത്. 


സെപ്റ്റംബറിൽ നിലവിൽ വരുംവിധം അടുത്തിടെ യു.എ.ഇ വിസ ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങളും ഉദാരവൽക്കരണവും യു.എ.ഇയിലെത്തുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്നതിൽ സംശയമില്ല. ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക ഇന്ത്യക്കാർക്കായിരിക്കും. ഇതിനു പുറമെ ഉണ്ടായിട്ടുള്ള ഇന്ത്യ-യു.എ.ഇ സാമ്പത്തിക സഹകരണ കരാറും (സി.ഇ.പി.എ) ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ മേഖലകളുടെ സർവ രംഗങ്ങളിലും പുരോഗതിയുണ്ടാക്കാൻ കരാർ ഉപകരിക്കും. ഇത് വ്യാപാര, തൊഴിൽ സാധ്യതകൾ ഏറെ വർധിപ്പിക്കും. നിശ്ചിത കാലവയളവിൽ ജോലി ചെയ്യാനുള്ള താൽക്കാലിക പെർമിറ്റിനു പുറമെ സ്‌പോൺസറില്ലാതെ വിസ അനുവദിക്കാനുള്ള തീരുമാനവും രാജ്യത്തു പലതവണ വന്നു പോകാവുന്ന അഞ്ചു വർഷ ടൂറിസ്റ്റ് വിസയും സ്‌പോൺസർ ഇല്ലാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനുള്ള സന്ദർശക വിസയും അനുവദിക്കാനുള്ള തീരുമനവുമായി കാതലായ പരിഷ്‌കാരങ്ങളാണ് വിസ നിയമത്തിൽ വരുത്തിയത്. സ്‌പോൺസറില്ലാ വിസ സമർഥരായ പ്രൊഫഷനുകളെയും നിക്ഷേപകരെയും രാജ്യത്തേക്ക് ആകർഷിക്കും. വിവിധ മേഖലകളിൽ കഴിവു തെളയിക്കുന്നവർ, നിക്ഷേപകർ, പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് അഞ്ചു വർഷത്തെ താമസ വിസ (ഗ്രീൻ കാർഡ്) നൽകാനുള്ള തീരുമാനം കഴിവുള്ള ഉദ്യോഗാർഥികൾക്ക് മറ്റാരുടെയും സഹായമില്ലാതെ തന്നെ സ്വയം തൊഴിൽ കണ്ടെത്താൻ സഹാകമായതാണ്. കലാകാരൻമാർക്കും പ്രൊഫഷണലുകൾക്കും സാങ്കേതിക വിദഗ്ധർക്കുമെല്ലാം നേരത്തെ നൽകിത്തുടങ്ങിയ ഗോൾഡൻ വിസക്കു പുറേെമയാണിത്.  പുറമെ പഠനം, പരിശീലനം, ഇന്റേൺഷിപ് എന്നിവക്ക് എത്തുന്നവർക്കും അവസരമൊരുക്കും. സർവകലാശാലകൾക്കോ, പൊതു സ്വകാര്യ സ്ഥാപനങ്ങൾക്കോ ഇവരെ സ്‌പോൺസർ ചെയ്യാം. ഇത് യു.എ.ഇയിൽ പഠനം നടത്താൻ താൽപര്യപ്പെടുന്നവരുടെ എണ്ണം വർധിപ്പിക്കും. അഞ്ചു വർഷ ടൂറിസ്റ്റ് വിസയും സ്‌പോൺസറില്ലാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനുള്ള സന്ദർശക വിസയും യു.എ.ഇ കാണാനെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനയാവും വരും വർഷങ്ങളിലുണ്ടാക്കുക. 


യു.എ.ഇയിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് ആൺമക്കളെ സ്പോൺസർ ചെയ്യാനുള്ള പ്രായപരിധി 18 ൽ നിന്ന് 25 വയസ്സായി ഉയർത്തിയതും വിദേശികൾക്ക് ഏറേ ആശ്വാസകരമായ നടപടിയാണ്. പ്രായപരിധിയില്ലാതെ തന്നെ പെൺകുട്ടികളെ കൂടെ നിർത്താം. പ്രത്യേക പരിഗണന ആവശ്യമായ ആൺകുട്ടിയാണെങ്കിലും പ്രായപരിധിയുടെ നിബന്ധനയില്ല. നിലവിൽ 18 വയസ്സു കഴിഞ്ഞാൽ രക്ഷിതാക്കളെല്ലാം ആൺകുട്ടികളെ നാട്ടിലേക്കോ, അതല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്കോ ആണ് ഉപരി പഠനത്തിനു വിടുന്നത്. 25 വയസ്സുവരെ ആൺകുട്ടികളെയും പ്രായപരിധിയില്ലാതെ പെൺകുട്ടികളെയും കൂടെ നിർത്താമെന്നു വന്നതോടെ ഉപരിപഠനത്തിന് അധികപേരും ഇനി തെരഞ്ഞെടുക്കുക യു.എ.ഇയിലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളായിരിക്കും. റാങ്കിംഗിൽ മുന്നിൽ നിൽക്കുന്ന ഒട്ടേറെ സർവകലാശാലകളുടെ കാമ്പസുകൾ ഇപ്പോൾ തന്നെ രാജ്യത്തുണ്ട്. പുതിയ കാമ്പസുകൾ ഉണ്ടാവാനും കൂടുതൽ വിദ്യാർഥികൾക്ക് ഇവിടങ്ങളിൽ പഠിക്കാനുമുള്ള സാഹചര്യത്തിനു വഴിയൊരുക്കുന്നതാണ് ആൺകുട്ടികളെ 25 വയസുവരെ രക്ഷിതാക്കളോടൊപ്പം നിർത്താമെന്ന തീരുമാനം. യു.എ.ഇയിൽ തന്നെ ജനിച്ചു വളരുകയും യു.എ.ഇയുടെ സംസ്‌കാരത്തിനൊത്ത് വളർന്ന് വിദ്യാഭ്യാസം നേടുകയും ചെയ്ത പുതിയ തലമുറക്ക് രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കാനാവുമെന്ന ദൂരക്കാഴ്ചയാണ് ഈ മാറ്റത്തിന് ഭരണാധികാരികളെ പ്രേരിപ്പിച്ചിട്ടുള്ളത്. കുട്ടികളെ അകറ്റി നിർത്തുന്നതുവഴി രക്ഷിതാക്കൾക്കുണ്ടാവുന്ന മാനസിക സംഘർഷം ഒഴിവാക്കുക വഴി നിലവിൽ രാജ്യത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നവരുടെ കാര്യക്ഷമത ഉയർത്താനും ഈ തീരുമാനം സഹായകമാവും.  സർവീസിൽനിന്ന് വിരമിച്ചർക്ക് രാജ്യത്ത് തങ്ങാനുള്ള അഞ്ചു വർഷ കാലാവധിയുടെ പ്രത്യേക വിസയും  അതു പുതുക്കാനുള്ള സൗകര്യം നൽകിയും കാലങ്ങളായി യു.എ.ഇയിൽ തങ്ങുന്നവരെ രാജ്യത്ത് പിടിച്ചു നിർത്താനുള്ള സമീപവും നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. ഇങ്ങനെ വിസ അനുവദിക്കുന്നതിൽ യു.എ.ഇ സ്വീകരിക്കുന്ന ഉദാര സമീപനം രാജ്യത്തിനു കരുത്തേകുമ്പോൾ അതിന്റെ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയുമാണ്. കാരണം. യു.എ.ഇയിലെ പ്രവാസികളിൽ കൂടുതലായുള്ളത് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികളാണ്. വിസ നിയമത്തിലെ മാറ്റങ്ങൾ പുതിയ ഉദ്യോഗാർഥികളെയും  സന്ദർശകരെയും രാജ്യത്തേക്ക് കൂടുതൽ ആകർഷിക്കും. ഇത് യു.എ.ഇയുടെ സാമ്പത്തിക വളർച്ചക്കൊപ്പം തന്നെ ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തന്റെ സാമ്പത്തിക രംഗത്തിനും കരുത്തേകും. 

Latest News