കൊണ്ടോട്ടി- കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപ്പന നടത്തിയ സംഘത്തലവൻ പോലിസ് പിടിയിലായി. ഓമാനൂർ സ്വദേശി പറമ്പൻ കുന്നൻ ലത്തീഫി(43)നെയാണ് പള്ളിക്കൽ ബസാറിൽ പോലിസിനെ വെട്ടിച്ച് കടക്കുന്നതിനിടെ കൊണ്ടോട്ടി ഇൻസ്പക്ടർ പ്രമോദും സംഘവും പിടികൂടിയത്.ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.പ്രതിയെ കോടതി റിമാന്റ് ചെയ്തു. 20 ലക്ഷത്തിന്റെ ബ്രൗൺഷുഗറാണ് കണ്ടെത്തിയത്.
കേസിൽ ഇയാളുടെ സംഘത്തിൽ പെട്ട കരിപ്പൂർ സ്വദേശി ജംഷാദ് അലി(33) ,കോഴിക്കോട് മായനാട് സ്വദേശി നജ്മു സാക്കിബ്(33) എന്നിവരെ രണ്ടാഴ്ച മുമ്പ് അരക്കിലോ ബ്രൗൺ ഷുഗറുമായി കൊണ്ടോട്ടി ബസ്റ്റാന്റ് പരിസരത്തുനിന്നും പിടികൂടിയിരുന്നു.അന്തർദേശീയ മാർക്കറ്റിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന ബ്രൗൺ ഷുഗർ ഇവരിൽ നിന്നും കണ്ടെടുത്തതെന്ന് പോലിസ് പറഞ്ഞു.
രാജസ്ഥാനിൽ നിന്നും ലഹരി വാങ്ങുന്നതിന് പണം നൽകിയത് പിടിയിലായ ലത്തീഫാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഇതിനു മുമ്പും പലതവണ ഇയാൾക്കു വേണ്ടി മയക്കുമരുന്ന് കടത്തി കൊണ്ടോട്ടിയിലെത്തിച്ചതായി സാക്കിബും,ജംഷാദ് അലിയും പറഞ്ഞിരുന്നു.വിഷു- ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വിൽപനക്കായാണ് രാജസ്ഥാനിൽ നിന്ന് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നത്.പിടിയിലായ നജ്മു സാക്കിബ് മൂന്ന് വർഷം മുമ്പ് ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വരുന്നതിനിടെ പിടിയിലായ സാക്കിബ് രണ്ട് വർഷത്തോളം ജയിലിലായിരുന്നു.ആറ് മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.2018 ലും 2019 ലും കോഴിക്കോട് എക്‌സൈസ് ബ്രൗൺഷുഗറുമായി ഇയാളെ പിടികൂടിയിരുന്നു. ഒരു കേസിൽ ഇയാൾക്ക് ശിക്ഷ ലഭിച്ചിട്ടുമുണ്ട്. പ്രായ പൂർത്തിയാ കാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജംഷാദ് അലിയുടെ പേരിൽ കരിപ്പൂർ സ്റ്റേഷനിൽ പോക്‌സോ കേസും നിലവിലുണ്ട്.