കണ്ണൂർ-സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റി അംഗവും കണിച്ചാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ.കെ ശ്രീജിത്തിനെ പാർട്ടി പദവികളിൽനിന്ന് മാറ്റി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. അപമര്യാദയായി പെരുമാറിയെന്ന ഡി.വൈ.എഫ്.ഐ വനിത പ്രവർത്തകയുടെ പരാതിയിലാണ് നടപടി. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയായിരുന്ന വനിത പ്രവർത്തകയാണ് പരാതി നൽകിയത്. സമ്മേളനത്തിന് വേണ്ടി കണ്ണൂരിലേക്ക് ഒരുമിച്ച് പോകാമെന്ന് അറിയിച്ച് ഇവരെ പാർട്ടി ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. പാർട്ടി ഓഫീസിലെത്തിയപ്പോൾ സെൽഫി എടുക്കാനെന്ന പേരിൽ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി അപമര്യാദയായി പെരുമാറി എന്നാണ് പരാതി. പാർട്ടി കമ്മിറ്റിയിലാണ് യുവതി പരാതി നൽകിയത്. പോലീസിന് പരാതി കൈമാറിയിട്ടില്ല. അതേസമയം, ശ്രീജിത്തിനെ പദവികളിൽനിന്ന് നീക്കി എന്ന ഒറ്റവരിയാണ് ജില്ല സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്.






