സൗദിയിലെ എയർപോർട്ടുകൾ വഴി കഴിഞ്ഞ വർഷം യാത്ര ചെയ്തവരുടെ എണ്ണത്തിൽ 7.7 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ കണക്കുകൾ വ്യക്തമാക്കി. 2017 ൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി 9,18,21,000 പേരാണ് യാത്ര ചെയ്തത്. രാജ്യത്തെ എയർപോർട്ടുകൾ വഴി കഴിഞ്ഞ കൊല്ലം 7,41,293 വിമാന സർവീസുകൾ നടത്തി. വിമാന സർവീസുകളുടെ എണ്ണത്തിൽ കഴിഞ്ഞ കൊല്ലം 4.6 ശതമാനം വളർച്ച രേഖപ്പെടുത്തി.
റിയാദ്, ജിദ്ദ, ദമാം, മദീന, തായിഫ് എയർപോർട്ടുകൾ വഴിയാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. 7,80,46,000 പേർ ഈ അഞ്ചു എയർപോർട്ടുകൾ വഴി യാത്ര ചെയ്തു. കഴിഞ്ഞ കൊല്ലം അന്താരാഷ്ട്ര എയർപോർട്ടുകൾ വഴി 5,93,866 സർവീസുകൾ നടത്തി. ആഭ്യന്തര വിമാനത്താവളങ്ങളിൽ 1,47,427 സർവീസുകളിൽ ആകെ 1,37,75,000 പേർ യാത്ര ചെയ്തു.
കഴിഞ്ഞ മാസം സൗദിയ യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ 24 ലക്ഷത്തിലേറെ പേർ സൗദിയയിൽ യാത്ര ചെയ്തു. 2017 ഫെബ്രുവരിയെ അപേക്ഷിച്ച് എട്ടു ശതമാനം കൂടുതലാണിത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സൗദിയയിൽ ആകെ 54.2 ലക്ഷം പേർ യാത്ര ചെയ്തു. ഫെബ്രുവരിയിൽ ആകെ 16,000 ഓളം സർവീസുകളാണ് സൗദിയ നടത്തിയത്. ഇതിൽ 9500 എണ്ണം ആഭ്യന്തര സർവീസുകളും 5860 എണ്ണം അന്താരാഷ്ട്ര സർവീസുകളും 576 എക്‌സ്ട്ര സർവീസുകളും ആയിരുന്നു. റിയാദ് എയർപോർട്ട് വഴി 3800 സർവീസുകളും ജിദ്ദ എയർപോർട്ട് വഴി 3725 സർവീസുകളും കഴിഞ്ഞ മാസം സൗദിയ നടത്തി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആകെ 34,045 സർവീസുകളാണ് സൗദിയ നടത്തിയത്. ഇതിൽ 20,000 എണ്ണം ആഭ്യന്തര സർവീസുകളും 12,640 എണ്ണം അന്താരാഷ്ട്ര സർവീസുകളും 1400 ലേറെ സർവീസുകൾ എക്‌സ്ട്ര സർവീസുകളുമായിരുന്നു. ടിക്കറ്റ് ബുക്കിംഗിനും യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിനും സൗദിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തിയവരുടെ എണ്ണത്തിൽ കഴിഞ്ഞ മാസം 51 ശതമാനം വർധനവ് രേഖപ്പെടുത്തിയതായും സൗദിയ അറിയിച്ചു.