Sorry, you need to enable JavaScript to visit this website.

വിവരക്കേട് അപാരം, ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല; മറുപടിയുമായി രമ്യ

ബംഗളൂരു- ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും നടന്‍ അജയ് ദേവ്ഗണിന്റെ അറിവില്ലായ്മ അമ്പരപ്പിക്കുന്നതാണെന്നും നടിയും മുന്‍ എം.പിയുമായ രമ്യ. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നും ഇപ്പോഴും എപ്പോഴും അങ്ങനെ ആയിരിക്കുമെന്ന അജയ് ദേവ്ഗണിന്റെ പരാമര്‍ശത്തോടാണ് രമ്യയുടെ പ്രതികരണം.

കലയുടെ കാര്യത്തില്‍ ഭാഷ തടസ്സമല്ലെന്നും കെ.ജി.എഫ്, പുഷ്പ, ആര്‍.ആര്‍.ആര്‍ എന്നീ സിനിമകള്‍ ഹിന്ദി ബെല്‍റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് വലിയ കാര്യമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.  


കന്നഡ നടന്‍ കിച്ച സുദീപിന് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ നല്‍കിയ മറുപടിവയാണ് ഹിന്ദിയെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സമൂഹ മാധ്യമങ്ങളില്‍ സജീവമാക്കിയത്. ഹിന്ദി എപ്പോഴും ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കുമെന്നാണ നടന്‍ കിച്ച സുദീപിനെ അജയ് ദേവ്ഗണ്‍ ഓര്‍മിപ്പിച്ചത്.


ഹിന്ദി ഭാഷ അപൂര്‍വമായി മാത്രം ഉപയോഗിക്കാറുള്ള കര്‍ണാടക ഉള്‍പ്പെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വലിയ വിമര്‍ശനമാണ് ഹിന്ദിയെ അടിച്ചേല്‍പിക്കാനുള്ള നീക്കത്തിനെതിരെ ഉയരുന്നത്.   ഇന്ത്യയുടെ 22 ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദിയെന്ന് വിമര്‍ശകര്‍ ഓര്‍മിപ്പിക്കുന്നു.


ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസാദ്യം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ്  ചൂടേറിയ ചര്‍ച്ച ആരംഭിച്ചത്. 

 

Latest News