ഡെറാഡൂണ്‍- ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഇന്നലെ ചേരാനിരുന്ന ധര്‍മസന്‍സദ് സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മുടങ്ങി. നാലു പേരില്‍ കൂടുതല്‍ ആളുകള്‍ സമ്മേളിക്കുന്നത് തടയാന്‍ റൂര്‍ക്കിയില്‍ 144 പ്രഖ്യാപിക്കുകയായിരുന്നു. ധര്‍മസന്‍സദുമായി ബന്ധപ്പെട്ട പത്ത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
റൂര്‍ക്കിയിലെ ദാദ ജലാല്‍പുര്‍ ഗ്രാമത്തില്‍ ചേരുന്ന മതസമ്മേളനത്തില്‍ വിദ്വേഷ പ്രസ്താവനകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. വിദ്വേഷ പ്രസംഗം നടന്നല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്നും ചീഫ് സെക്രട്ടറി ഹാജരാകേണ്ടി വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സമ്മേളനത്തിനു മുന്നോടിയായി തന്നെ സംഘാടകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നവരും വിദ്വേഷ പ്രസ്താവനകള്‍ ആരംഭിച്ചിരുന്നു.
ഹനുമാന്‍ ജയന്തി ഘോഷയാത്രക്കുനേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ 16ന് വര്‍ഗീയ സംഘര്‍ഷമുണ്ടായ ഗ്രാമമാണ് ദാദ ജലാല്‍പുര്‍.
കോടതിക്ക് നല്‍കിയ ഉറപ്പ് രേഖപ്പെടുത്തുകയാണെന്നും അനിഷ്ടകരമായത് സംഭവിച്ചാല്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഐ.ജി തുടങ്ങിയവരായിരിക്കും ഉത്തരവാദികളെന്നാണ് ചൊവ്വാഴ്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍കറുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നത്.
മതസമ്മേളനത്തിന്റെ മുഖ്യസംഘാടകനായ ആനന്ദ് സ്വരൂപിനെ മുന്‍കരുതലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്തതായും പ്രദേശത്ത് നിരോധനാജ്ഞ കര്‍ശനമായി നടപ്പിലാക്കിയതിനാല്‍ സമ്മേളനം ചേരില്ലെന്നും ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു.






