ന്യൂദല്‍ഹി- ദക്ഷിണ ദല്‍ഹിയിലെ മുഹമ്മദ്പുര്‍ ഗ്രാമത്തിന്റെ പേരുമാറ്റി ബി.ജെ.പിയുടെ നഗരസഭാഗം. മാധവപുരം എന്നാണ് പുതിയ പേര് പുതിയ പേര് രേഖപ്പെടുത്തിയ ബോര്‍ഡ് ബി.ജെ.പി കൗണ്‍സിലര്‍ ഭഗത് സിംഗ് തോക്കാസ് സ്ഥാപിച്ചു. ഇദ്ദേഹം തന്നെയാണ് പേരുമാറ്റം നിര്‍ദേശിച്ചതും.
എന്നാല്‍ ഗ്രാമത്തിന്റെ പേരുമാറ്റാന്‍ നഗരസഭാംഗത്തിന് അനുമതിയുണ്ടോ എന്ന ചോദ്യത്തിന് തങ്ങള്‍ക്ക് പറ്റുന്നത് ചെയ്തു, ഇനി ദല്‍ഹി സര്‍ക്കാര്‍ വേണ്ടതു ചെയ്യട്ടെ എന്നായിരുന്നു തോക്കാസിന്റെ മറുപടി. സര്‍ക്കാരിന് മാത്രമാണ് ഇത്തരത്തില്‍ പേരുമാറ്റാന്‍ അധികാരമുള്ളത്.
സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമായെന്നും അടിമത്തത്തിന്റെ പ്രതീകങ്ങളൊന്നും ഇനി അവശേഷിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്തയും ചടങ്ങില്‍ പങ്കെടുത്തു. പേരുമാറ്റം സംബന്ധിച്ച നിര്‍ദേശം നഗരസഭ അംഗീകരിച്ചതാണെന്നും ഇന്ന് ചടങ്ങ് പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. ഇന്നുമുതല്‍ ഗ്രാമം മാധവപുരം എന്നാണ് അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.