കേരളം ഗുജറാത്ത് മോഡല്‍ പഠിക്കുന്നു,  ചീഫ് സെക്രട്ടറിയും സംഘവും അഹമ്മദാബാദിലേക്ക് 

തിരുവനന്തപുരം-ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ കേരളം. ഇതിനായി ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘം ഇന്ന് ഗുജറാത്തിലേക്ക് തിരിക്കും. ഇ ഗവേണ്‍ന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനത്തെ കുറിച്ച് പഠിക്കാനാണ് ഗുജറാത്തിലേക്ക് കേരള സംഘം പോകുന്നത്. ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സംഘവും ഗുജറാത്തിലേക്ക് തിരിക്കുക. മൂന്ന് ദിവസമാണ് സന്ദര്‍ശനം. നാളെ ഗുജറാത്തില്‍ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. 2019 ല്‍ വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നടപ്പാക്കിയ പദ്ധതിയാണ് ഇ ഗവേണന്‍സിനായുള്ള ഡാഷ് ബോര്‍ഡ് സിസ്റ്റം. ഇത് കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കുമോയെന്നതാണ് പ്രധാനമായും പരിശോധിക്കുക. സന്ദര്‍ശനത്തിന് ശേഷം സംഘം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് പരിശോധിച്ച ശേഷമാകും പദ്ധതി കേരളത്തില്‍ നടപ്പാക്കുമോ എന്ന് തീരുമാനിക്കുക. 
വന്‍കിട പദ്ധതികളുടെ ഏകോപനത്തിനായാണ് ഗുജറാത്ത് ഡാഷ് ബോര്‍ഡ് സിസ്റ്റം നടപ്പാക്കിയത്. സംസ്ഥാനത്തെ സുപ്രധാന പദ്ധതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില് സജ്ജീകരിച്ച സ്‌ക്രനിലൂടെ കാണാന്‍ സാധിക്കും. വിവിധ വകുപ്പിന് കീഴിലെ പദ്ധതികള്‍ ഒറ്റ ഡാഷ് ബോര്‍ഡിന് കീഴില്‍ കൊണ്ടവരും. തുടര്‍ന്ന് അവയ്ക്ക് റേറ്റിംഗ് നല്‍കും. പിന്നീട് അവയുടെ പുരോഗതിയും നടത്തിപ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സംവിധാനത്തിന്റെ സഹായത്തോടെ നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുളള കൂടിക്കാഴ്ചയിലാണ് ഡാഷ് ബോര്‍ഡ് ഉപയോഗിക്കുന്നതിനുളള നിര്‍ദേശമുയര്‍ന്നത്. നേരത്തേ വിവിധ സംസ്ഥാനങ്ങള്‍ ഈ ഗുജറാത്ത് മാതൃക പഠിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഗുജറാത്തിലേക്ക് പഠിക്കാന്‍ ദൗത്യ സംഘത്തെ അയക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി അനുമോദിച്ചു. പത്ത് കൊല്ലം മുമ്പ് താന്‍ പറഞ്ഞ കാര്യമാണിത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ നെഞ്ചോട് ചേര്‍ത്ത് അനുമോദിക്കുന്നു. 


 

Latest News