കോഴിക്കോട്ട് പോലീസ് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടു  പോയ യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

കോഴിക്കോട്- പോലീസ് വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ചെറുവണ്ണൂരിലാണ് സംഭവം. ബിസി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് നല്ലളം പോലീസ് വീട്ടില്‍ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്. രാത്രി ഒമ്പതരക്കാണ് വഴിയരികില്‍ അത്യസന്ന നിലയില്‍ കണ്ട ജിഷ്ണുവിനെ നാട്ടുകാര്‍ കണ്ടത്. ഉടനെ തന്നെ നാട്ടുകാര്‍ ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെവിയില്‍ നിന്ന് രക്തവും മൂക്കില്‍ നിന്നും വായില്‍ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അമിത വേഗതയില്‍ കാറോടിച്ചതിന് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിന് കേസെടുത്തു എന്ന് പറഞ്ഞാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്ന് പോലീസ് ഇറക്കിക്കൊണ്ട് പോയത്. മഫ്തിയിലുള്ള പോലീസുകാരാണ് എത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തണം എന്നാണ് നാട്ടുകാരും കുടുംബവും ആവശ്യപ്പെടുന്നത്. 
 

Latest News