Sorry, you need to enable JavaScript to visit this website.

നീണ്ടകരയിലെ മത്സ്യ തൊഴിലാളിക്ക് കോളടിച്ചു,  മൂന്ന് പളുങ്ക് മത്സ്യം വിറ്റത് രണ്ടര ലക്ഷത്തിന് 

കൊല്ലം- നീണ്ടകര തുറമുഖത്തേക്ക്  ശക്തികുളങ്ങര സ്വദേശി ലൂക്കാ അടുത്തത് അപ്രതീക്ഷിതമായി കിട്ടിയ മൂന്ന് പടത്തിക്കോരയുമായി.  രണ്ടേകാല്‍ ലക്ഷം രൂപയ്ക്കാണ് ഇവ വിറ്റത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പാട്ടുനിന്ന് കിട്ടിയ ഒരു പടത്തിക്കോര ലേലത്തില്‍പ്പോയത് 59,000 രൂപയ്ക്കായിരുന്നു. ഹൃദയത്തിന് ഉള്‍പ്പെടെയുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് ഈ മത്സ്യത്തിന്റെ ബ്ലാഡറാണ്. പളുങ്ക് എന്നാണ് മത്സ്യത്തൊഴിലാളികള്‍ ഇതിനെ വിളിക്കുന്നത്. 10 കിലോയ്ക്കു മുകളിലുള്ള പടത്തിക്കോരയിലാണ് ലക്ഷണമൊത്ത പളുങ്ക് കാണുന്നത്. ഇതില്‍ത്തന്നെ ആണ്‍ കോരയ്ക്കാണ് കൂടുതല്‍ തൂക്കവും പളുങ്കും കാണപ്പെടുക.
ഇപ്പോള്‍ ലേലംചെയ്ത മൂന്നു മീനില്‍ രണ്ടും ആണായിരുന്നു. അതാണ് വിലകൂടിയത്. 20 കിലോ ഭാരം ഉണ്ടായിരുന്നെന്ന് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ് പറഞ്ഞു.
20 കിലോ ഭാരമുള്ള ആണ്‍മത്സ്യത്തില്‍ 300 ഗ്രാം പളുങ്കുണ്ടാകും. ഒരു കിലോ പളുങ്കിന് മൂന്നുമുതല്‍ അഞ്ചുലക്ഷംവരെ വിലയുണ്ട്. മെഡിസിനല്‍ കോര, കടല്‍ സ്വര്‍ണം എന്നൊക്കെ ഇതിനു വിളിപ്പേരുണ്ട്.ൃതീരത്തോട് അടുത്ത ഭാഗങ്ങളിലാണ് പലപ്പോഴും ഇവയെ കാണാറുള്ളത്. അപൂര്‍വമായാണ് കിട്ടുന്നതും. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളിലാണ് സാധാരണ ഇവയെ കിട്ടുന്നത്. കേരളതീരത്ത് അപൂര്‍വമാണ്. അഞ്ചുകിലോ തൂക്കമുള്ള പടത്തിക്കോരയെ ഇടയ്ക്ക് കിട്ടാറുണ്ട്. പക്ഷേ, അതില്‍നിന്നൊന്നും പളുങ്ക് എടുക്കാന്‍മാത്രം ഉണ്ടാകില്ല.
കഴിഞ്ഞ സെപ്റ്റംബറില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോല്‍ മത്സ്യങ്ങള്‍ക്ക് 1.33 കോടി രൂപ ലഭിച്ചിരുന്നു.
 

Latest News