ന്യൂദല്‍ഹി- രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കേ, അഞ്ചിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനായി രണ്ട് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ (ഡി.സി.ജി.ഐ) അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കോവാക്‌സിന്‍ എന്നിവയാണ് അംഗീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാജ്യത്ത് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ വീണ്ടും ഏര്‍പ്പെടുത്തി വരികയാണ്. പുതിയ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുമുണ്ട്.
അഞ്ചിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു നല്‍കുന്നതിനാണ് ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്‌സ് അംഗീകാരം നേടിയത്. ആറിനും 12 നും ഇടയിലുള്ള കുട്ടികളില്‍ അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ അംഗീകരിച്ചത്.
നിലവില്‍ ഭാരത് ബയോടെക്കിന്റെ ഹോള്‍ വൈറോണ്‍ വാക്‌സിന്‍ 15-18 വയസ്സ് പ്രായമുള്ള കുട്ടികളിലും ബയോളജിക്കല്‍ ഇ പ്രോട്ടീന്‍ സബ് യൂനിറ്റ് വാക്‌സിന്‍ 12 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളിലും ദേശീയ പ്രതിരോധ കുത്തിവെപ്പിനു കീഴില്‍ നല്‍കുന്നുണ്ട്.
12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള സൈകോവ്-ഡിയുടെ രണ്ട് ഡോസ് ഫോര്‍മുലേഷനും ഡി.സി.ജി. ഐ അംഗീകരിച്ചിട്ടുണ്ട്. നേരത്തെ, ഈ വാക്‌സിന്‍ മൂന്ന് ഡോസ് വ്യവസ്ഥയില്‍ നല്‍കാനാണ് അനുമതി നല്‍കിയിരുന്നത്. ഇനി ആദ്യ ഡോസിനു ശേഷം 28 ാം ദിവസം രണ്ടാമത്തെ ഡോസ് നല്‍കും. വിദഗ്ധ കമ്മിറ്റിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ്
കോര്‍ബെവാക്‌സിനും കോവാക്‌സിനും ഡി.സി.ജി.ഐയുടെ അംഗീകാരം.
അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് കമ്പനികളുടെയും അപേക്ഷ കഴിഞ്ഞ ആഴ്ച വിദഗ്ധ കമ്മിറ്റി (എസ്.ഇ.സി) അവലോകനം ചെയ്തിരുന്നു.