വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മോഡിക്ക് 108 മുന്‍ ഉദ്യോഗസ്ഥ പ്രമുഖരുടെ കത്ത്

ന്യൂദല്‍ഹി- രാജ്യത്ത് വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 108 മുന്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി.
ബലിപീഠത്തില്‍ മുസ്ലിംകളും മറ്റ് ന്യൂനപക്ഷ സമുദായക്കാരും മാത്രമല്ലെന്നും ഭരണഘടന തന്നെയും ഭീഷണിയിലാണെന്നും വിദ്വേഷം നിറഞ്ഞ ഉന്മാദത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും  കത്തില്‍ ഒപ്പിട്ടവര്‍ പറഞ്ഞു.

ദല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടത്.

മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ തീവ്രമായ വാക്കുകള്‍ പ്രകടിപ്പിക്കുന്നില്ല.   അതിവേഗത്തില്‍ ഭരണഘടനയെന്ന കെട്ടിടം നശിപ്പിക്കപ്പെടുന്നതിലാണ് ദേഷ്യവും വേദനയും പ്രകടിപ്പിക്കുന്നതെന്ന്   കത്തില്‍ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ അക്രമങ്ങള്‍ ഉണ്ടെന്നും ഇപ്പോള്‍ അത്  ഭയാനകമായ സ്ഥിതി കൈവരിച്ചിരിക്കയാണെന്നും അവര്‍ പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവ് വര്‍ഷത്തില്‍  നിങ്ങളുടെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരുകളോട് വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍  ആഹ്വാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥ പ്രമുഖര്‍ പറഞ്ഞു.

 

Latest News