റിയാദ് - റിയാദ്, ജിസാൻ, ഖമീസ് മുശൈത്ത്, നജ്‌റാൻ നഗരങ്ങൾക്കു നേരെ ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് ഹൂത്തികൾ ഉപയോഗിച്ചത് ഇറാൻ നിർമിത മിസൈലുകളാണെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. റിയാദിലേക്ക് തൊടുത്തത് 'ഖിയാം' ഇനത്തി ൽപെട്ട ഇറാൻ മിസൈലുകളാണ്. ഇറാൻ നിർമിത 'സയാദ്' മിസൈലുകൾ ഹൂത്തികളുടെ കൈകളിൽ എത്തുന്നതിനു മുമ്പായി സഖ്യസേന പിടിച്ചെടുത്തിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ ഹൂത്തികൾക്ക് നൽകുന്നതിൽ ഇറാന്റെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകൾ റിയാദിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സഖ്യസേനാ വക്താവ് വെളിപ്പെടുത്തി. ബാലിസ്റ്റിക് മിസൈലുകൾ ഹൂത്തികൾ കൈവശപ്പെടുത്തിയത് അന്താരാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണ്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഹൂത്തികൾക്ക് മിസൈലുകൾ നൽകുന്ന ഇറാനോട് രക്ഷാ സമിതി കണക്കു ചോദിക്കണം. അനുയോജ്യമായ സമയത്തും സ്ഥലത്തും ഇറാന് തിരിച്ചടി നൽകാൻ സൗദി അറേബ്യക്ക് അവകാശമുണ്ട്. സൗദി അറേബ്യക്കെതിരെ 104 ബാലിസ്റ്റിക് മിസൈലുകൾ ഹൂത്തികൾ ഇതിനകം തൊടുത്തിട്ടുണ്ട്.റിയാദിലെ ഒമ്പതു ജനവാസ കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.
സൗദി അറേബ്യക്കെതിരെ ആക്രമണം നടത്തുന്നതിന് ഉപയോഗിച്ച ഭൂരിഭാഗം മിസൈലുകളും ഹൂത്തികളുടെ ശക്തികേന്ദ്രങ്ങളായ സഅ്ദയിൽ നിന്നും ഇംറാനിൽ നിന്നുമാണ് തൊടുത്തത്. ഹൂത്തികൾക്ക് ബാലിസ്റ്റിക് മിസൈൽ എത്തിക്കാൻ യെമനിലെ ഹുദൈദ തുറമുഖം ഇറാൻ ദുരുപയോഗിക്കുകയാണ്. മിസൈലുകളിലെ എൻജിൻ റിയാദിൽ എത്തുന്നതിന് രൂപകൽപന ചെയ്തതാണ്. സൻആ അന്താരാഷ്ട്ര എയർപോർട്ട് സൈനിക ബാരക്ക് ആയി ഹൂത്തികൾ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. റിലീഫ് വസ്തുക്കൾ വഹിച്ച വിമാനങ്ങൾ ആക്രമിക്കപ്പെടുന്നതിന് ഇത് ഇടയാക്കിയേക്കുമെന്നും സഖ്യസേനാ വക്താവ് പറഞ്ഞു. രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ഖത്തർ സഖ്യസേനയുടെ ഭാഗമായതെന്നും മറ്റൊരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് സഖ്യസേനയിൽനിന്ന് ഖത്തറിനെ അകറ്റിയതെന്നും അദ്ദേഹം പറഞ്ഞു.