കൽപറ്റ- വയനാട്ടിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി വയനാട് വന്യജീവി സങ്കേതം വികസിക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും 82,994 സന്ദർശകർ കാനനസൗന്ദര്യം ആസ്വദിക്കാൻ വന്യജീവി സങ്കേതത്തിലെത്തി. 2011 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ 72,875 മുതിർന്നവരും 10,119 കുട്ടികളും 84 വിദേശികളുമാണ് സങ്കേതം സന്ദർശിച്ചത്. 1.47 കോടി രൂപയാണ് ടിക്കറ്റ് വിൽപനയിലൂടെ വരുമാനം.
കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമായി അതിരിടുന്നതാണ് വയനാട് വന്യജീവി സങ്കേതം. കേരളത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി റേഞ്ചുകളിലാണ് വിനോദസഞ്ചാരത്തിനു സൗകര്യം. രണ്ടിടങ്ങളിലുമായി ദിവസം 820 സന്ദർശകർക്കാണ് പ്രവേശനം. കഴിഞ്ഞ വർഷം ഏപ്രിലിൽ സങ്കേതത്തിലെ ടൂറിസം ഇടങ്ങൾ സഞ്ചാരികൾക്കായി തുറന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്നു ഒന്നര മാസം കഴിഞ്ഞപ്പോൾ അടച്ചു. പിന്നീട് ഓഗസ്റ്റിലാണ് പ്രവർത്തനം പുനരാരംഭിച്ചത്.
മുതിർന്നവർക്ക് 150ഉം കുട്ടികൾക്ക് 65ഉം വിദേശികൾക്ക് 360ഉം രൂപയാണ് പ്രവേശന ഫീസ്. കാനന സവാരിക്കുള്ള ടാക്സി കൂലിയും സഞ്ചാരികൾ നൽകണം. തോൽപ്പെട്ടിയിലും മുത്തങ്ങയിലും രാവിലെ 40 ഉം വൈകുന്നേരം 20 വാഹനങ്ങളാണ് വനത്തിലേക്കു കടത്തിവിടുന്നത്. ആന, കടുവ കരടി, കാട്ടുപോത്ത്, മയിൽ, മാൻ തുടങ്ങി നിരവധി ഇനം മൃഗങ്ങളുടെയും അപൂർവ ഇനത്തിൽപ്പെട്ടതടക്കം പക്ഷികളുടെയും വൃക്ഷ-സസ്യ വർഗങ്ങളുടെയും ആവാസ വ്യവസ്ഥയാണ് വയനാട് വന്യജീവി സങ്കേതം. 27 പരുന്തു വർഗങ്ങളുടെയും ഒമ്പതിനം മൂങ്ങകളുടെയും സാന്നിധ്യം വന്യജീവി സങ്കേതത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ അവശേഷിക്കുന്ന കഴുകൻമാരുടെ മുഖ്യ ആവാസസ്ഥലമാണ് വയനാടൻ കാടുകൾ.