ഇസ്ലാമാബാദ്- പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് ചൈനക്കാര്‍ കൊല്ലപ്പെട്ടു. കറാച്ചി സര്‍വകലാശാലയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റിയട്ടില്‍ ജോലി ചെയ്യുന്നവരാണ് മിനി ബസിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം മുതല്‍ പാക്കിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ മാറിയ ചൈനക്കാര്‍ക്കുനേരെയുള്ള ആദ്യത്തെ വലിയ ആക്രമണമാണിത്. യൂനിവേഴ്‌സിറ്റിക്കു സമീപം മിനി ബസില്‍ യാത്ര ചെയ്യുമ്പോള്‍ കൊല്ലപ്പെട്ട മൂന്ന് ചൈനക്കാര്‍ക്കു പുറമെ ഒരു പാക്കിസ്ഥാനിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വനിതാ ചാവേറാണ് സ്‌ഫോടനം നടത്തിയതെന്നും വാര്‍ത്താ ഏജന്‍സിക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു.
ഭീരുക്കള്‍ നടത്തിയ ഭീകാരാക്രമണമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി ശഹ്്ബാസ് ശരീഫ് സ്‌ഫോടനത്തെ അപലപിച്ചു. ചൈനീസ് സുഹൃത്തുക്കളുടെയടക്കം വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ അതിയായി ദുഃഖിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശഹബാസ് ശരീഫ് അധികാരമേറ്റ ശേഷം നഗരപ്രദേശത്ത് നടക്കുന്ന ആദ്യ ആക്രമണമാണിത്.