ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ മതംമാറ്റാന്‍ ശ്രമം, നടപടി ആവശ്യപ്പെട്ട് ബി.ജെ.പി

തിരുപ്പൂര്‍- തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്കെതിരെ പരാതി. ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് രണ്ട് അധ്യാപികമാര്‍ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്നും മതത്തിന്റെ പേരില്‍ അവഹേളിച്ചുവെന്നും ആരോപിച്ചത്.
അധ്യാപിക തന്നെ ഭസ്മം പൂശിയ കഴുതയെന്ന് വിളിച്ചുവെന്നും വെള്ളത്തില്‍ കൈ മുക്കി യേശുവിനെ കുറിച്ച് സംസാരിച്ചുവെന്നും ഹിന്ദു വിദ്യാര്‍ഥിനി പറഞ്ഞു. വെള്ളത്തില്‍ മുക്കിയ കൈ കൊണ്ട് തന്റെ വയറില്‍ മൂന്ന് തവണ തടവിയെന്നും വിദ്യാര്‍ഥിനി പറയുന്നു.
ക്ലാസില്‍ അധ്യാപിക പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടാറുണ്ട്.  ഒരു ദിവസം ക്ലാസെടുക്കുമ്പോള്‍, ആരാണ് ജീവന്‍ നല്‍കി രക്ഷിക്കുന്നതെന്ന ചോദ്യത്തിന് വ്യത്യസ്ത പേരുകള്‍ പറഞ്ഞപ്പോള്‍ എന്തുകൊണ്ട് യേശു എന്നു പറയുന്നില്ലെന്ന് ചോദിച്ചു.
ദൈവങ്ങളില്‍ ഏറ്റവും ശക്തന്‍ ആരാണെന്ന് അധ്യാപിക ചോദിച്ചു. ശിവന്‍ എന്ന് മറുപടി നല്‍കിയപ്പോള്‍  അതു തള്ളി ദൈവങ്ങളില്‍ ഏറ്റവും ശക്തന്‍ യേശുവാണെന്ന് തിരുത്തി- വിദ്യാര്‍ഥിനി പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പരാതി നല്‍കിയപ്പോള്‍ പോലീസ് തങ്ങളെ സമാധാനിപ്പിക്കാനാണ് ശ്രമിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഇപ്പോള്‍ നടപടിക്കായി കാത്തിരിക്കയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ബന്ധിത മതംമാറ്റ ശ്രമങ്ങള്‍ ഡി.എം.കെ സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്ന്  ബി.ജെ.പി വക്താവ് നാരായണ്‍ ത്രിപാഠി കുറ്റപ്പെടുത്തി.  
പോലീസും സര്‍ക്കാരും ഉടന്‍ നടപടിയെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണം. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടിയുണ്ടാകണം. തമിഴ്‌നാട്ടില്‍ മതപരിവര്‍ത്തന നിരോധ നിയമം ഉടന്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ക്ലാസ് മുറിയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നുവെന്ന് വിദ്യാര്‍ഥി ആരോപിച്ചതിനെ തുടര്‍ന്ന് നേരത്തെ കന്യാകുമാരിയില്‍ ഒരു അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ജനുവരിയില്‍ തഞ്ചാവൂരില്‍ ആത്മഹത്യ ചെയ്ത 12ാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പില്‍ തന്നെ ബലം പ്രയോഗിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന ആരോപണമുണ്ടായിരുന്നു.

 

Latest News