Sorry, you need to enable JavaScript to visit this website.

യു.പിയില്‍ 125 ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു, ശബ്ദം കുറച്ചത് 17,000

ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ അനധികൃതമായി സ്ഥാപിച്ച 125 ഉച്ചഭാഷിണികള്‍ പോലീസ് നീക്കം ചെയ്തു. 17,000 ഉച്ചഭാഷിണികളുടെ ശബ്ദം ബന്ധപ്പെട്ടവര്‍ കുറച്ചതായും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു.
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ നിയമവിരുദ്ധമായ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ നിന്ന് അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. ജില്ലകളില്‍ നിന്ന് ഏപ്രില്‍ 30നകം ഇതുമായി ബന്ധപ്പെട്ട  റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു.

മത നേതാക്കളുമായി സംസാരിച്ച് അവരുമായി ഏകോപനം നടത്തി വേണം  അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനുള്ള നടപടിയെന്നും പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.

റമദാനിലെ അവസാന ജുമുഅ പ്രാര്‍ത്ഥനകള്‍ 31,000 സ്ഥലങ്ങളില്‍ നടക്കുമെന്ന് പെരുന്നാളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

അനുവാദമില്ലാതെ മതപരമായ ഘോഷയാത്രകള്‍ നടത്തരുതെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും  മുഖ്യമന്ത്രി ആദിത്യനാഥ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.
മെയ് മാസത്തില്‍ ഈദും അക്ഷയതൃതീയയും ഒരേ ദിവസം വരാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വരും ദിവസങ്ങളില്‍ മറ്റ് നിരവധി ഉത്സവങ്ങള്‍ വരാനിരിക്കുന്നതായും  അവനീഷ് അവസ്തി പറഞ്ഞു. ആരാധനാലയങ്ങളില്‍ പുതുതായി ഉച്ചഭാഷിണികള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News