Sorry, you need to enable JavaScript to visit this website.

സൗദിയില്‍ രോഗമുക്തി നിരക്ക് 98.3 ശതമാനമായി

റിയാദ് - സൗദിയില്‍ കൊറോണ ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് 98.3 ശതമാനമായി ഉയര്‍ന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി മൊത്തത്തിലുള്ള ശരാശരി രോഗമുക്തി നിരക്ക് 98.8 ശതമാനമാണ്. രോഗമുക്തി നിരക്ക് കൂടുതല്‍ ഖത്തറിലും കുറവ് യു.എ.ഇയിലുമാണ്. ഖത്തറില്‍ 99.6 ഉം കുവൈത്തില്‍ 99.5 ഉം ബഹ്‌റൈനില്‍ 99.1 ഉം ഒമാനില്‍ 98.7 ഉം യു.എ.ഇയില്‍ 98.1 ഉം ശതമാനമാണ് രോഗമുക്തി നിരക്ക്.
ഞായറാഴ്ച ഗള്‍ഫില്‍ 886 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയില്‍ 244 ഉം ബഹ്‌റൈനില്‍ 442 ഉം സൗദിയില്‍ 85 ഉം ഒമാനില്‍ 17 ഉം ഖത്തറില്‍ 98 ഉം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച സൗദിയില്‍ രണ്ടു കൊറോണ രോഗികള്‍ മരണപ്പെട്ടു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലൊന്നും ഞായറാഴ്ച കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊറോണ ബാധയുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍ ഞായറാഴ്ച കുവൈത്ത്  ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ഏപ്രില്‍ 24 വരെ ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 36,01,359 പേര്‍ക്കാണ് കോവിഡ്ബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 35,56,398 പേര്‍ രോഗമുക്തി നേടുകയും 20,344 പേര്‍ മരണപ്പെടുകയും ചെയ്തു. ഞായറാഴ്ച അര്‍ധ രാത്രി വരെ ഗള്‍ഫ് രാജ്യങ്ങളില്‍ 11,39,19,464 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു.
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 109 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 199 പേര്‍ രോഗമുക്തരാവുകയും ഒരു കൊറോണ രോഗി മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 43 പേര്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടു വരെ സൗദിയില്‍ 6.41 കോടിയിലേറെ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ആറു മുതല്‍ 11 വയസ് വരെ പ്രായവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് മോഡോണ വാക്‌സിന്‍ നല്‍കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതിയായി. സൗദിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ പുതിയ തീരുമാനം സഹായിക്കും.

 

 

Latest News