പ്രേംനസീറിന്റെ വീട് വില്‍ക്കുന്നില്ല, വാര്‍ത്ത പച്ചക്കള്ളമെന്ന് സഹോദരി

തിരുവനന്തപുരം- നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ചിറയിന്‍കീഴിലെ വീട് വില്‍ക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത തെറ്റെന്ന് താരത്തിന്റെ ഇളയ സഹോദരി. വീട് വില്‍ക്കുന്നു എന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് പ്രേംനസീറിന്റെ ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ആര് നല്‍കിയതാണെന്ന് തനിക്കോ കുടുംബത്തിലുള്ളവര്‍ക്കോ അറിയില്ല. വീട് കാട് കയറിയ നിലയില്‍ ആണെന്ന് വാര്‍ത്തയില്‍ പറയുന്നതും അസത്യമാണ്. പ്രേംനസീറിന്റെ ഇളയമകള്‍ റീത്തയുടെതാണ് വീട്. റീത്തയോട് ഫോണില്‍ താന്‍ വിവരം തിരക്കിയപ്പോള്‍ അവര്‍ ആരും തന്നെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതായി അറിഞ്ഞില്ല എന്നാണ് പറഞ്ഞത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് റീത്തയുടെ മകള്‍ക്ക് വിദേശത്ത് വീട് വെക്കുന്ന സമയത്ത് ചിറയിന്‍കീഴിലെ വീടുവില്‍ക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ 50 സെന്റ് വീടിന് 6 കോടി രൂപയാണ് വിലയിട്ടത്. ആ തുകയ്ക്ക് വില്പന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിലവില്‍ വീട് വില്‍ക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഈ തുക നല്‍കി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു.
പ്രേംനസീര്‍ ജീവിച്ചിരുന്നപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും കൈയ്യഴിഞ്ഞു സഹായിച്ചിട്ടുണ്ട്. എന്നാല്‍ പ്രേംനസീറിന് ജന്മനാട്ടില്‍ ഒരു സ്മാരകം ഒരുക്കാന്‍ ഇനിയും ഒരു സര്‍ക്കാരിനും സാധിച്ചിട്ടില്ല എന്നും അനീസ ബീവി പരാതിപ്പെട്ടു.

അതേസമയം, വീടും സ്ഥലവും സൗജന്യമായി തന്നാല്‍ സംരക്ഷിക്കാമെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വിലയ്‌ക്കെടുക്കുന്നത് സര്‍ക്കാര്‍ കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു.

 

Latest News