കോട്ടയം ഡി.സി.സി പ്രസിഡന്റിന് കെ. സുധാകരന്റെ രൂക്ഷവിമര്‍ശം

കോട്ടയം - പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയില്‍നിന്നു വിട്ടുനിന്നതിനെ തുടര്‍ന്നു വിവാദത്തിലായ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കോട്ടയത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയത്. ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ഏറ്റവും പിന്നിലാണ് കോട്ടയം എന്നു സുധാകരന്‍ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്ത കെ- റെയില്‍ വിരുദ്ധ സമര സദസിലാണ് ഡി.സി.സി പ്രസിഡന്റ് വിട്ടു നിന്നത്. പരിപാടിയുടെ കാര്യം പ്രതിപക്ഷ നേതാവ് തന്നെ അറിയിച്ചില്ലെന്നായിരുന്നു സുരേഷിന്റെ നിലപാട്. അതിനു ശേഷം ഇരുവരും പങ്കെടുത്ത യോഗമായിരുന്നു ഇത്. പ്രതിപക്ഷ നേതാവ് നാട്ടകത്തെ വിമര്‍ശിച്ചില്ല. എന്നാല്‍ ഒരു പദവിയും സ്ഥിരമല്ലെന്ന് സുധാകരന്‍ ഓര്‍മിപ്പിക്കുകയും ചെയ്തു.
യൂണിറ്റ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നതില്‍ കോട്ടയത്ത് കോണ്‍ഗ്രസിന് വീഴ്ചപറ്റിയെന്ന് കെ. സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസിനെ ജനങ്ങളുമായി അടുപ്പിക്കുന്നതിന് സുധാകരന്‍ രൂപം നല്‍കിയതാണ് കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി. അതു തൃപ്തികരമായി ചെയ്യാമെന്ന് ഡി.സി.സി പ്രസിഡന്റ് മറുപടി പറഞ്ഞെങ്കിലും സുധാകരന്‍ അംഗീകരിച്ചില്ല. തൃപ്തികരമായിട്ടല്ല, പൂര്‍ണമായി ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. മേയ് 31 നകം ഇത് പൂര്‍ത്തിയാക്കുമെന്ന് നാട്ടകം സുരേഷ് ഉറപ്പുനല്‍കി.

 

 

Latest News