അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത യുവതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

മലപ്പുറം- അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത സ്‌കൂട്ടര്‍ യാത്രക്കാരായ യുവതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. മലപ്പുറം പാണമ്പ്രയിലാണ് സംഭവം. തീരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദിച്ചത്.

ദേശീയപാതയായ പാണമ്പ്രയിലെ ഇറക്കത്തില്‍ ഏപ്രില്‍ 16 നാണ് സംഭവം നടന്നത്. പരപ്പനങ്ങാട് കരിങ്കല്ലത്താണി സ്വദേശിനികളായ എം.പി മന്‍സിലില്‍ അസ്ന കെ അസീസ്, ഹംന കെ അസീസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും കോഴിക്കോട്‌നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. ഈ സമയം അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിന്റെ ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തു. തുടര്‍ന്ന് സഹോദരികള്‍ ഹോണടിച്ച് മുന്നോട്ട് പോവുകയും ഇതില്‍ പ്രകോപിതനായ ഇബ്രാഹിം പാണമ്പ്രയിലെ ഇറക്കത്തില്‍ കാറ് കുറുകെയിട്ട് സ്‌കൂട്ടര്‍ തടയുകയുമായിരുന്നു.

പിന്നാലെ കാറില്‍നിന്നിറങ്ങിയ യുവാവ് പ്രകോപനമില്ലാതെ തന്നെ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സഹോദരിമാരെ മര്‍ദിച്ചു. യുവാവ് നിരവധി തവണ യുവതിയുടെ മുഖത്തടിക്കുന്നതും തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ടതോടെ കാറില്‍ക്കയറി കടന്നു കളയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പരിക്കേറ്റ പെണ്‍കുട്ടികള്‍ തിരൂരങ്ങാടി ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നിസാര വകുപ്പുകളുടെ പേരിലാണ് കേസ് എടുത്തതെന്നും വധശ്രമമാണ് നടന്നതെങ്കിലും അക്കാര്യം എഴുതിച്ചേര്‍ത്തിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തങ്ങളെ ഇടിച്ചിടാന്‍ വേണ്ടിതന്നെയായിരുന്നു യുവാവ് വാഹനവുമായി പിന്നാലെയെത്തിയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇന്നലെ മാത്രമാണ് മൊഴിയെടുത്തത്. ഒത്തുത്തീര്‍പ്പിനുള്ള ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും പെണ്‍കുട്ടി ആരോപിച്ചു.

 

Latest News