Sorry, you need to enable JavaScript to visit this website.

പോലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ ആശങ്കയുമായി ഡബ്‌ള്യു.സി.സി

കൊച്ചി- പോലീസ് തലപ്പത്തെ അഴിച്ചുപണി നടിയെ ആക്രമിച്ച കേസിനെ അട്ടിമറിക്കുമോ എന്ന ആശങ്കയുമായി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യു.സി.സി. എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചുപണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നരമാസം കൂടി നീട്ടിക്കിട്ടിയ അവസ്ഥയില്‍ നിന്നും സ്ഥിരം പോലീസ് സിനിമകളിലെ ആന്റി ക്ലൈമാക്സ് രംഗംപോലെ അന്വേഷണോദ്യോഗസ്ഥനെ മാറ്റുന്നത് നിരാശാജനകമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡബ്‌ള്യു.സി.സി ചൂണ്ടിക്കാട്ടുന്നു.

ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ചുവടെ:

ഞങ്ങള്‍ക്ക് ആശങ്കയുണ്ട്,
ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിനല്‍കപ്പെട്ട അവസ്ഥയില്‍ നിന്നു അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴിതെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

 

Latest News