മക്ക - വിശുദ്ധ റമദാനിലെ ആദ്യ ഇരുപതു ദിവസങ്ങളില്‍ മക്കയില്‍ മിച്ച ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുടെ പ്രയോജനം നാലര ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനപ്പെട്ടതായി പദ്ധതി നടപ്പാക്കുന്ന സന്നദ്ധ സംഘടനയായ ഇക്‌റാം സൊസൈറ്റി ഡയറക്ടര്‍ അഹ്‌മദ് ഹര്‍ബി അല്‍മത്‌റഫി അറിയിച്ചു. ഇരുപതു ദിവസത്തിനിടെ ആകെ 18,07,383 റിയാല്‍ വില കണക്കാക്കുന്ന 163.8 ടണ്‍ മിച്ച ഭക്ഷണം സൊസൈറ്റി ശേഖരിച്ച് നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്തു. പാകം ചെയ്ത ഭക്ഷണങ്ങള്‍, വ്യത്യസ്ത ഇനം പാനീയങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, റൊട്ടി, ഡ്രൈ ഫുഡുകള്‍, പലഹാരങ്ങള്‍ എന്നിവ അടക്കമുള്ള മിച്ച ഭക്ഷണമാണ് ശേഖരിച്ച് മക്കയിലെ 39 ഡിസ്ട്രിക്ടുകളിലെ നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്തത്. ആകെ 4,62,437 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായും അഹ്‌മദ് ഹര്‍ബി അല്‍മത്‌റഫി പറഞ്ഞു.
ഹറമിനു സമീപമുള്ള ഹോട്ടലുകളിലും മക്കയിലെ വിവാഹ ഓഡിറ്റോറിയങ്ങളിലും വിവാഹങ്ങളിലും മറ്റു ആഘോഷ പരിപാടികളിലും ബാക്കിയാകുന്ന ഉപയോഗയോഗ്യമായ ഭക്ഷണ, പാനീയങ്ങള്‍ ശേഖരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ രീതിയില്‍ നന്നായി പേക്ക് ചെയ്ത് നിര്‍ധനര്‍ക്കും അനാഥകള്‍ക്കും വിധവകള്‍ക്കുമിടയില്‍ വിതരണം ചെയ്യുന്നതിന് അഞ്ചു വര്‍ഷം മുമ്പാണ് ഇക്‌റാം സൊസൈറ്റി സ്ഥാപിച്ചത്.

	
	




