പ്രളയത്തില്‍ പെട്ടയാളെ യുവാക്കള്‍ രക്ഷപ്പെടുത്തി

അല്‍ബാഹ - അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖിലെ വറാഖില്‍ പ്രളയത്തില്‍ പെട്ട പിക്കപ്പില്‍ കുടുങ്ങിയ സൗദി പൗരനെയും ആടുകളെയും സഹോദരങ്ങളായ രണ്ടു സൗദി യുവാക്കള്‍ ചേര്‍ന്ന് വാട്ടര്‍ ടാങ്കര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. മലവെള്ളം കയറിയ റോഡിലൂടെ ആടുകളെയും വഹിച്ച് കടന്നുപോകുന്നതിനിടെ 60 കാരന്റെ പിക്കപ്പ് വെള്ളം കയറി കേടാവുകയായിരുന്നു.
സ്വന്തം കാറില്‍ പ്രദേശത്തു കൂടി കടന്നുപോകുന്നതിനിടെ പ്രളയത്തില്‍ പെട്ട പിക്കപ്പ് തന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നെന്ന് നായിഫ് ആയിദ് അല്‍ഗാംദി പറഞ്ഞു. ഉടന്‍ തന്നെ സഹോദരന്‍ താരിഖിനെ ഫോണില്‍ ബന്ധപ്പെട്ട് വാട്ടര്‍ ടാങ്കര്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. സഹോദരന്‍ എത്തിച്ച വാട്ടര്‍ ടാങ്കറില്‍ തങ്ങള്‍ വെള്ളം മൂടിയ റോഡിലൂടെ സഞ്ചരിച്ച് പിക്കപ്പിനു സമീപം എത്തി ഡ്രൈവറെയും പിക്കപ്പിലെ ആടുകളെയും രക്ഷിക്കുകയായിരുന്നു. ഡ്രൈവറെയാണ് ആദ്യം രക്ഷിച്ചത്. വെള്ളം അല്‍പം താഴ്ന്ന ശേഷമാണ് പിക്കപ്പിലുണ്ടായിരുന്ന ആടുകളെ രക്ഷിച്ചതെന്നും നായിഫ് ആയിദ് അല്‍ഗാംദി പറഞ്ഞു. താന്‍ അപകടത്തില്‍ പെട്ടത് കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങുകയായിരുന്നെന്ന് അബ്ദുല്ല ബിന്‍ അശീശ് അല്‍രിഫാഇ അല്‍ഗാംദി പറഞ്ഞു.

 

 

Latest News