മുംബൈ- കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പക്കല്‍നിന്ന് എം.എഫ് ഹുസൈന്റെ ചിത്രം രണ്ട് കോടി രൂപ വില കൊടുത്ത് വാങ്ങാന്‍ മുന്‍കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്റ തന്നെ നിര്‍ബന്ധിച്ചുവെന്ന് യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂര്‍. കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയാണ് കപൂര്‍ ഇക്കാര്യം പറഞ്ഞത്.
ചിത്രം വാങ്ങിയതിന്റെ തുക സോണിയ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായാണ് ഉപയോഗിച്ചത്. ചിത്രം വാങ്ങാന്‍ വിസമ്മതിച്ചാല്‍ അത് പത്മഭൂഷണ്‍ ലഭിക്കുന്നതിന് തടസ്സമാവുകയും ഗാന്ധി കുടുംബവുമായുള്ള ബന്ധം മോശമാകാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ദേവ്റ പറഞ്ഞതായും റാണ കപൂര്‍ ഇ.ഡിയോട് വെളിപ്പെടുത്തി. കള്ളപ്പണക്കേസില്‍ റാണ കപൂര്‍, അദ്ദേഹത്തിന്റെ കുടുംബം, ഡി.എച്ച്.എഫ്.എല്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരേ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ചികിത്സയ്ക്കായി പണം അത്യാവശ്യമുള്ള സമയത്ത് ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്നതിലൂടെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് താന്‍ പരിഗണിക്കപ്പെടുമെന്ന് സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ തന്നോട് പറഞ്ഞതായി റാണ അറിയിച്ചു. മുരളി ദേവ്റയും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. പെയിന്റിങ് വാങ്ങാന്‍ വിസ്സമതിക്കുന്നത് തന്നെ പ്രതികൂലമായി ബാധിക്കുമെന്നും മുരളി ദേവ്ര പറഞ്ഞു. പെയിന്റിങ്ങ് വാങ്ങണമെന്നാവശ്യപ്പെട്ട് മുരളി ദേവ്ര പലതവണ റാണ കപൂറിന്റെ വീട്ടിലും ഓഫീസിലും സന്ദര്‍ശനം നടത്തി. രണ്ട് കോടിയുടെ ഇടപാട് നടത്താന്‍ താന്‍ തയാറായിരുന്നില്ല. ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. അതിനായി കോളുകളും മെസേജും കൂടിക്കാഴ്ചയും ഒഴിവാക്കി. എന്നാല്‍ തന്റെ എല്ലാ ശ്രമങ്ങളും വിഫലമായി, ഒടുവില്‍ അവരുടെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നതായും റാണ കപൂര്‍ പറഞ്ഞു.