തിരുനെല്‍വേലി-തമിഴ്‌നാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയ വനിതാ എസ്.ഐയെ കുത്തിപ്പരിക്കേല്‍പിച്ചു. ഒരു മാസംമുമ്പ് പിഴ ചുമത്തിയ സംഭവത്തില്‍ ഡ്യൂട്ടിക്കിടെ എസ്.ഐയെ കുത്തി പരിക്കേല്‍പിച്ച പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
സുതമല്ലിക്കടുത്ത് പഴവൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രോത്സവത്തിലായിരുന്നു സംഭവം. ഉത്സവം കഴിഞ്ഞയുടന്‍ ക്ഷേത്രത്തിലെ ഫഌ്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതിനിടെ എസ്.ഐ മാര്‍ഗരറ്റ് തെരേസ (29)യുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കത്തിയെടുത്ത് മുഖത്തും കഴുത്തിലും കുത്തി.
എസ്.ഐ മാര്‍ഗരറ്റുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. സഹോദരി മാര്‍ഗരറ്റ് തെരേസയ്ക്ക് മികച്ച ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.