മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു,  ചുമതല ആര്‍ക്കും കൈമാറിയില്ല

തിരുവനന്തപുരം- തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. പകരം ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. മെയ് പത്താം തീയതിയോടെ മുഖ്യമന്ത്രി തിരികെ എത്തുമെന്നാണ് വിവരം. 27 ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. ജനുവരിയില്‍ ചികിത്സക്ക് പോയപ്പോള്‍ തുടര്‍പരിശോധന വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി സമ്മേളനം നടക്കുന്നത് കൊണ്ടാണ് ചികിത്സകള്‍ നീട്ടിവെച്ചത്. ജനുവരി 11 മുതല്‍ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുന്നത്.മിനസോട്ടയിലെ ചികിത്സക്ക് ആദ്യമായി പോകുന്നത് 2018ലാണ്. മുമ്പ് ചികിത്സക്ക് പോയപ്പോഴൊന്നും മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറിയിരുന്നില്ല. ഇത്തവണയും അതേ രീതി തന്നെയാണ് സ്വീകരിച്ചത്. ഭാര്യ കമല  മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. 
 

Latest News