പ്രണയത്തിന്റെ പേരില്‍ പതിനേഴുകാരിയെ പിതാവും സഹോദരനും കഴുത്തുഞെരിച്ച് കൊന്നു

കാണ്‍പുര്‍- പ്രണയബന്ധത്തെ തുടര്‍ന്ന് പതിനേഴുകാരിയെ പിതാവും സഹോദരനും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗുര്‍ഹകാല ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി സ്വന്തം ജാതിയില്‍പ്പെട്ട ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച പെണ്‍കുട്ടിയെ പിതാവും സഹോദരനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്ന് പശുത്തൊഴുത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നിതിന്‍ കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറച്ചിരിക്കുകയാണെന്ന് ഗ്രാമവാസികള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച മൃതദേഹം പുറത്തെടുത്തത്.

വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി വൈകിട്ടോടെയാണ് റിപ്പോര്‍ട്ട് ലഭിച്ചത്. കഴുത്ത് ഞെരിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചതോടെയാണ് പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നതെന്ന് കുമാര്‍ പറഞ്ഞു,
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ദേശ്രാജിനും സഹോദരന്‍ ധനഞ്ജയ്ക്കുമെതിരെ കേസെടുത്തതായി അദ്ദേഹം പറഞ്ഞു.

 

Latest News