കൊൽക്കത്ത- മതങ്ങളുടെ വേലിക്കെട്ടുകൾക്കപ്പുറത്ത് മാനവികത ഉയർത്തിപ്പിടിച്ച് പശ്ചിമ ബംഗാളിലെ ഒരു പറ്റം ദരിദ്ര മുസ്്‌ലിം ഗ്രാമീണർ ഒരു ഹിന്ദു പുരോഹിതന് കൈത്താങ്ങായി രംഗത്തെത്തിയിരിക്കുന്നു. ക്ഷേത്ര പൂജാരിയായ തങ്ങളുടെ അയൽക്കാരന്റെ ഭാര്യ കാൻസർ ബാധിച്ച് ചികിത്സയ്ക്ക് പണമില്ലാതെ പ്രയാസപ്പെടുന്നത് കണ്ടറിഞ്ഞാണ് മാൽഡയിലെ ഒരു പറ്റം മുസ്ലിം ഗ്രാമീണർ സഹായ ഹസ്തവുമായി മുന്നോട്ടു വന്നത്. പൂജാരിയുടെ ഭാര്യ രോഗ ശയ്യയിലാണെന്നറിഞ്ഞതോടെ അയൽക്കാരായ മുസ്ലിംകൾ ചേർന്ന് പണം പിരിച്ചു നൽകുകയായിരുന്നു.
'ഈ ഗ്രാമത്തിലെ മുസ്ലിംകളെല്ലാം വളരെ ദരിദ്രരാണ്. സ്വന്തമായി അന്നം കണ്ടെത്താൻ പോലും പ്രയാസപ്പെടുന്നവരാണ്. ഇങ്ങനെ ആണെങ്കിലും ഞങ്ങൾ ഇവിടെ ഉണ്ടായിരിക്കെ ഒരു അയൽക്കാരി ചികിത്സകിട്ടാതെ മരിക്കാൻ പാടില്ല. എല്ലാവരും അവരുടെ കഴിവിനനുസരിച്ച് തുച്ഛമായ സംഖ്യയാണെങ്കിലും നൽകി,' സ്വദേശിയായ താഹിർ അലി പറയുന്നു. പ്രതിസന്ധിയിലായ ഒരാളെ സഹായിക്കലാണ് ശരിയായ മതം. ഞങ്ങൾ ഈ തത്വം പിന്തുടരുക മാത്രമെ ചെയ്യുന്നുള്ളൂ, മറ്റൊരു സ്വദേശിയായ മുർതസ അലി ഖാൻ പറഞ്ഞു.
ഗ്രാമത്തിലെ പള്ളിയിൽ പൂജാരിയുടെ ഭാര്യയുടെ ചികിത്സാ കാര്യം പറഞ്ഞപ്പോഴേക്കും 15,000 രൂപ സംഭാവനയായി ലഭിച്ചെന്ന് മറ്റൊരു സ്വദേശിയായ ബസുദേബിന്റെ അനുഭവ സാക്ഷ്യം. സംഭാവന നൽകാൻ പണം കയ്യിലില്ലാത്തവർ അവരെ കൊണ്ട് കഴിയുന്ന മറ്റു സഹായങ്ങളും ചെയ്തു. 'എന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഞാൻ ഓരോ വീട്ടിലും കയറിയിറങ്ങി പരമാവധി കഴിയുന്നത്ര സഹായം സ്വരൂപിച്ച് അവർക്കു കൈമാറി,' പ്രദേശവാസിയായ ശൈഖ് മഖബൂൽ പറഞ്ഞു. പൂജാരിയുടെ ഭാര്യയുടെ ചികിത്സയ്ക്കായി ഗ്രാമീണർ ഇതുവരെ അര ലക്ഷം രൂപയോളം പിരിച്ചെടുത്തു.