ബാഗ് തട്ടിപ്പറിച്ച സ്ത്രീയെ ഓടിച്ചിട്ടു പിടിച്ചു, വിദ്യാര്‍ഥിനിയെ ആദരിച്ച് പോലീസ്

വടകര - പണവും രേഖകളുമടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടിയ നാടോടി സ്ത്രീയെ പിന്തുടര്‍ന്ന് പിടികൂടിയ യുവതിക്ക് പോലീസിന്റെ ആദരവ്. കൈനാട്ടി കരക്കണ്ടിയില്‍ ചന്ദ്രന്റെ മകള്‍ ഷിയോണയെയാണ് വടകര പോലീസ് ആദരിച്ചത്. വടകര പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എസ്.ഐ എം. നിജേഷാണ് ഷിയോണയെ ഉപഹാരം നല്‍കി ആദരിച്ചത്.

പി.ജി വിദ്യാര്‍ഥിനിയായ ഷിയോണ ഏതാനും ദിവസം മുമ്പാണ് വടകര പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നാടോടി സ്ത്രീയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. അമ്മക്കൊപ്പം വടകരയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ബസില്‍ എത്തിയതായിരുന്നു ഷിയോണ. പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങിയപ്പോഴാണ് അടുത്ത് നിന്നിരുന്ന നാടോടി സ്ത്രീ ബാഗ് തട്ടിപ്പറിച്ച് ഇറങ്ങിയോടിയത്. നാടോടി സ്ത്രീയെ പിടിക്കാനായി ഷിയോണയും പുറകിലോടി. ഏകദേശം ഒരു കിലോമീറ്ററോളം പുറകെ ഓടിയ ഷിയോണ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് മധുരൈ സ്വദേശിനിയായ വിന്ധ്യയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

പണവും ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളുമടങ്ങിയ ബാഗാണ് തട്ടിപ്പറിച്ചത്. സ്ത്രീ നിരവധി പിടിച്ചുപറി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.

 

Latest News