കൊലയാളിയെ ഒളിപ്പിച്ച അധ്യാപികയും ഭര്‍ത്താവും സി.പി.എം അനുഭാവികളെന്ന് കുടുംബം

കണ്ണൂര്‍ - ധര്‍മ്മടത്തെ രേഷ്മയും ഭര്‍ത്താവും സി.പി.എം അനുഭാവികള്‍ തന്നെയെന്ന് കുടുംബം. പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ച വീട്ടുടമസ്ഥന്‍ പ്രശാന്തും ഭാര്യയും ആര്‍.എസ്.എസ് അനുഭാവികളാണെന്ന എം.വി. ജയരാജന്റെ പ്രസ്താവനയെ തള്ളിയാണ് കുടുംബം രംഗത്തെത്തിയത്.
രേഷ്മയും പ്രശാന്തും സി.പി.എമ്മുകാരാണെന്നും ഇരുവരുടേതും പരമ്പാരാഗതമായി സി.പി.എം കുടുംബങ്ങളാണെന്നും രേഷ്മയുടെ പിതാവ് രാജന്‍ പറഞ്ഞു.  ഇപ്പോള്‍ എന്തുകൊണ്ട് സി.പി.എം തള്ളിപ്പറയുന്നു എന്ന് അറിയില്ല. രേഷ്മയുടെ സുഹൃത്ത് വഴിയാണ് പ്രതിയായ നിജില്‍ ദാസിന് വീട് വാടകക്ക് നല്‍കിയത്. രേഷ്മയുടെ കൂടെ ജോലി ചെയ്യുന്ന ആളുടെ ഭര്‍ത്താവാണെന്ന് പറഞ്ഞാണ് വീട് വാടകക്ക് നല്‍കിയത്. വീട് ആവശ്യപ്പെട്ടത് നിജില്‍ ദാസിന്റെ ഭാര്യയാണ്. നിജില്‍ ദാസ് കൊലക്കേസ് പ്രതിയായിരുന്നുവെന്ന് രേഷ്മക്ക് അറിയില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
നിജില്‍ ദാസിനേയും രേഷ്മയേയും കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും കുടുംബം പറഞ്ഞു.
മുമ്പും വീട് വാടകക്ക് നല്‍കിയിരുന്നതായി മകള്‍ റിയയും പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ പോലീസ് വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. മുമ്പ് പിണറായി പെരുമക്കും വീട് വാടകക്ക് നല്‍കിയിട്ടുണ്ട്. രേഷ്മ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തുവെന്ന് പറയുന്നതെല്ലാം കള്ളമാണെന്നും അമ്മ പറഞ്ഞു. ഭക്ഷണം കൊണ്ടുപോകുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അറിയുമായിരുന്നുവെന്നും  രേഷ്മയുടെ കുടുംബം പറഞ്ഞു.

 

Latest News