നയം വ്യക്തമാക്കി മുസ്‌ലിം ലീഗ്, യു.ഡി.എഫില്‍ അടിയുറച്ചുനില്‍ക്കും

മലപ്പുറം-മുസ്‌ലിം ലീഗിന്റെ ലക്ഷ്യം യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയെന്നതാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖരി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ പാണക്കാട് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് എല്‍.ഡി.എഫിലേക്ക് എന്ന വാദം സാദിഖലി തങ്ങള്‍ തള്ളി. ദേശീയതലത്തില്‍ യു.പി.എയെ ശക്തിപ്പെടുത്തേണ്ടത് വര്‍ത്തമാനകാലത്തിന്റെ അനിവാര്യതയാണെന്നും യു.പി.എക്ക്  വലിയ പിന്തുണ നല്‍കുന്നത് കേരളത്തില്‍നിന്നുള്ള യു.ഡി.എഫാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.
യു.ഡി.എഫിന്റെ നട്ടെല്ലാണ് മുസ്‌ലിം ലീഗെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. കുപ്പായം മാറുന്ന പോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിംലീഗെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജനുള്ള മറുപടി അന്നു തന്നെ നല്‍കിയിരുന്നു. ഇതു സംബന്ധിച്ച യു.ഡി.എഫില്‍ ആശയക്കുഴപ്പമില്ല. ഇപ്പോള്‍ ആശയകുഴപ്പം സി.പി.എമ്മിനിടയിലാണ്. കോണ്‍ഗ്രസുമായുള്ള ഞങ്ങളുടെ ബന്ധം കാലത്തിന്റെ വെല്ലുവിളി നേരിടാനുള്ളതാണ്. സി.പി.എം അടക്കമുള്ള മറ്റു മതേതര കക്ഷികള്‍ കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ എങ്ങനെ യോജിക്കണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചത് കാപട്യമെന്ന് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയില്‍ ഉപയോഗിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. മുസ്ലിംലീഗ് ഇടത്  മുന്നണിയിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. സി.പി.എമ്മുമായി ഒരു നിലക്കും സഹകരിക്കാനാവില്ല. ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുന്ന സി.പി.എം ഇപ്പോള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ്. ഇതിനെതിരെ ശക്തമായ കാമ്പയിനാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

 

 

Latest News