മുഖ്യമന്ത്രിയുടെ നാട്ടിലും ബോംബ്, കൊലക്കേസ് പ്രതിക്ക് സി.പി.എം അഭയം- മറുപടി പറയണമെന്ന് പ്രതിപക്ഷം

കോട്ടയം -  ഒരു ഭീഷണിക്കു മുന്നിലും കെ റെയില്‍ വിരുദ്ധ സമരം മുട്ടുമടക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അറിയിച്ചു. സി.പി.എമ്മിന്റെ വീട്ടില്‍ കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞതിനു പാര്‍ട്ടി മറുപടി പറയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. കെ റെയില്‍ കുറ്റി പറിക്കുന്നവരുടെ പല്ല് പറിക്കാനുള്ള കഴിവൊന്നും കണ്ണൂരില്‍ ഇ.പി ജയരാജനില്ല.  ശശിയെ പോലുള്ളയാളെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിച്ചത് ആ പാര്‍ട്ടിയുടെ അപമാനത്തിന്റെ മുഖമാണ്്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് സംസ്ഥാനത്തെ ക്രമസമാധാനനില. വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നിത്യ സംഭവങ്ങളായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഗുണ്ടകളും മയക്കുമരുന്ന് സംഘങ്ങളും അഴിഞ്ഞാടുകയാണ്. എല്ലായിടത്തും സി.പി.എം നേതൃത്വമാണ് ഇതിനൊക്കെ പിന്തുണ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ നാട്ടില്‍, വീടിന് തൊട്ടടുത്ത് ബോംബ് എറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ പോലും സി.പി.എം ബോംബ് ഉണ്ടാക്കുകയാണ്. സ്വന്തം നാട്ടിലെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോംബ് ഉണ്ടാക്കുമ്പോഴാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുന്നത്. മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്ത് നടക്കുന്ന ബോംബ് നിര്‍മ്മാണം പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.

മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി വന്നതിന് ശേഷം പോലീസില്‍ വരുത്തിയിരിക്കുന്ന മാറ്റം എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നു മനസിലാവുന്നില്ല. പ്രധാനപ്പെട്ട കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മാറ്റിയതിന് പിന്നിലെ വിവരങ്ങള്‍ പുറത്തു വരട്ടേ. പുതിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ചുമതല ഏറ്റെടുത്ത ഉടനെ യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാനുള്ള ശ്രമവുമായി വന്നു. എന്തായാലും അത് അവസാനിച്ചത് യു.ഡി.എഫ് സുശക്തമാണ് എന്ന തീരുമാനത്തിലാണ്- അവര്‍ പറഞ്ഞു.

 

 

 

 

 

Latest News