Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരും അന്യരല്ല, അകലെയും!

'പുത്തനച്ചി പുരപ്പുറം തൂക്കു'മെന്നാണ് ചൊല്ല്. അച്ചിയായാലും നായരായാലും സഖാവായാലും പഴഞ്ചൊല്ലിൽ പതിരില്ല. ദാ, ഇ.പി. ജയരാജൻ സഖാവു തന്നെ ദൃഷ്ടാന്തം. അങ്ങോർക്കു ഒരു കസേര നൽകുവാനായി കൺവീനർ വിജയരാഘവനെ ദില്ലിയിലേക്കു വിമാനം കയറ്റി. ജയരാജൻ പീഠത്തിൽ ആസനസ്ഥനാകും മുമ്പേ തുടങ്ങി നവീകരണ പ്രസ്താവനകൾ. എല്ലാം എൽ.ഡി.എഫിനെ ബലപ്പെടുത്തുന്നതിനു വേണ്ടി മാത്രം. മുസ്‌ലിം ലീഗ് കോൺഗ്രസിനെ തള്ളിപ്പറഞ്ഞാൽ സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്നതാണ് ആദ്യത്തെ വെടി. ഇല്ല, ലീഗ് വീണില്ല. അവിടെങ്ങും കിടപ്പതു കണ്ടില്ല. (വീണാൽ എങ്ങനെ നാലുകാലിൽ വീഴണമെന്നറിയാവുന്നവരോടു കളി നടപ്പില്ല). തൊണ്ണൂറ്റിയൊമ്പതു എമ്മെല്ലേമാരുള്ള മുന്നണിയെ നന്നാക്കാനുള്ള അടുത്ത പടിയാണ് 'പി.ജെ. കുര്യൻ വന്നാലും സ്വീകരിക്കും'. കെ.വി. തോമസിനെ സ്വീകരിച്ച് അകത്തു കയറ്റാതെ നിർത്തിയിരിക്കുന്നത് ലോകം  മൊത്തം കാണുന്നുണ്ട്. അസാരം വിശപ്പും ദാഹവും മാറ്റണമെങ്കിൽ പത്രത്തിന്റെയും ചാനലിന്റെയു എ.കെ.ജി സെന്ററിന്റെയും വക കന്റീനുകളുണ്ട്. ഏതു ഭക്ഷണവും കിട്ടും. കുര്യൻ പ്രൊഫസറും കുമ്പളങ്ങി പ്രൊഫസറെപ്പോലെ ദീർഘകാലം പദവികളിലിരുന്ന് ഉണ്ടും ഉറങ്ങിയും സഞ്ചരിച്ചും രാജ്യത്തെ സേവിച്ചു. വയസ്സ് 81, ലോകാരോഗ്യ സംഘടനയുടെ കണക്കിൽ വാർധക്യം ആരംഭിക്കുന്നേതയുള്ളൂ. ഇനിയും ജനസേവനത്തിന് ഒരു മടിയുമില്ല; കസേര നിർബന്ധിതം.
കൺവീനർ ജയരാജൻ സഖാവ് അഭിമുഖത്തിൽ അടുത്തതായി കൈവെച്ചത് ആർ.എസ്.പിയുടെ പിടലിക്ക്. ഒരിക്കലും മന്ത്രിയാകാതെ പുരനിറഞ്ഞുനിൽക്കുന്ന അസീസ് സഖാവിനെയും ചവറയിൽ തോറ്റുനിൽക്കുന്ന ഷിബു ബേബി ജോണിനെയുമാണ് നോട്ടം. കേട്ടപാടെ ആർ.എസ്.പി സെക്രട്ടറി തിരിച്ചടിച്ചു. പക്ഷേ നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത അസീസിനെപ്പോലെയല്ല ഷിബു സഖാവ്. അടുത്ത കാലത്തായി കോൺഗ്രസിന്റെ 'പാളയത്തിൽപട' കണ്ടു സഹിക്കാതെ യു.ഡി.എഫിൽ കഴിയുകയാണ്. ഇങ്ങനെയൊരു 'കാരാഗൃഹവാസമല്ല, പാർട്ടി രൂപീകരിക്കാൻ ജയിലിൽ കിടന്നവർ സ്വപ്‌നം കണ്ടത്. ഏതു നേരവും ഒരു  പൊട്ടിത്തെറിയുണ്ടാകാം.' പക്ഷേ, ഒരു 'പൊട്ടാസു വെടി'യുടെ മുഴക്കമേയുണ്ടാകൂ, കക്ഷി ആർ.എസ്.പിയാണല്ലോ. ലീഗ് അങ്ങനെയല്ല. ജയരാജൻ സഖാവിന്റെ വായിലൂടെ സംസാരിച്ചത് സി.പി.എം തന്നെയാണെന്ന് ഏതു പൊട്ടനും മനസ്സിലാകും. അയലത്തെ പല സംസ്ഥാനങ്ങളിലും ഒന്നിച്ച് ബിരിയാണി കഴിക്കുന്നവരാണ്. നാട്ടുകാർക്കു മനസ്സിലാകാത്തത് 'കോൺഗ്രസ് വിരോധ'മെന്ന നാടകമാണ്. അതു 'ബ്രെഹ്തി'്‌ന്റെയോ 'ഇബ്‌സന്റെ'യോ ഒക്കെ രചനകളെ വെല്ലുന്ന രീതിയിലാണ് കളിച്ചു പോരുന്നതും. കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ ദൃശ്യങ്ങൾ കണ്ടവർക്ക് അതു മനസ്സിലാകും. യെച്ചൂരി സഖാവിന്റെ വലംകൈയിൽ പിണറായി സഖാവ് ഇടംകൈ കൊണ്ടു മുറുകെപിടിച്ചിരിക്കുന്ന കാഴ്ച. അതാണല്ലോ ജനറൽ സെക്രട്ടറി 'കൈവിട്ട കളി'യൊന്നും അവതരിപ്പിക്കാതെ രാഹുൽ ഗാന്ധിയെ കളിയാക്കി ചാരിതാർഥ്യമടഞ്ഞതും ദില്ലിക്കു മണ്ടിയതും. കേരളത്തിലെ പാർട്ടിയെക്കുറിച്ച് ഇനി ഒരു വേവലാതിയും വേണ്ട. എൽ.ഡി.എഫ് ലെയ്‌സൺ കമ്മിറ്റി യോഗത്തിന് 'ടോപ് ഓപണാ'യ ഒരു ഡബിൾ ഡെക്കർ ബസു വേണമെന്നു മാത്രം. അതൊരു ടൂറിസ്റ്റ് ആകർഷണം കൂടിയാകും; മുന്നണി വികസിക്കുന്തോറും.


****                                              ****                                     ****


ചിലർക്ക് അസാധാരണ ശക്തി വിശേഷങ്ങളുണ്ടെന്നു പറഞ്ഞാൽ മറ്റു ചിലർ പരിഹസിക്കും. പക്ഷേ കെ. സുധാകരൻ എന്ന സുധാകര ഗുരുവിന്റെ 'മനസ്സറിയും യന്ത്രം' കുമ്പളങ്ങി മാഷിന്റെ കൈവശമുണ്ട് എന്നതാണു നേര്. കെ.പി.സി.സി പ്രസിഡന്റായി നിയമന ഉത്തരവ് ലഭിച്ചതുകൊണ്ടാണ് ഗുരു കോൺഗ്രസ് വിടാത്തത് എന്നു മാഷ് പറയുന്നു. ഗുരു ബി.ജെ.പിയിലേക്കു കടക്കാനുള്ള തീയതിയു മുഹൂർത്തവും വരെ കുറിച്ചു വെച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ നിന്നുണ്ടായ ന്യൂനമർദവും കൊടുങ്കാറ്റും നിമിത്തം കോൺഗ്രസ് വശംകെട്ടപ്പോൾ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന പഞ്ചഗുസ്തികളിൽ നിലംപരിശായി. ഇതിനിടയിൽ ഗുരുവിന്റെ കൈയിലിരുന്ന ജ്യോത്സ്യരുടെ കുറിപ്പ് പറന്നു പറന്ന് കുമ്പളങ്ങി മാഷിന്റെ മേശപ്പുറത്തു ചെന്നുവീണു.
ദില്ലി - കേരള രാഷ്ട്രീയത്തിന്റെ രസതന്ത്രവും ചേരുവകളും നന്നായറിയുന്ന മാഷ് കുറിപ്പെടുത്ത് നൂറ്റൊന്നു തവണ എഴുതി പകർത്തിയും വായിച്ചും 'ദിവ്യ ദൃഷ്ടി'യാക്കി മാറ്റി. ഇക്കാര്യം പാവം ഗുരു അറഞ്ഞിരുന്നെങ്കിൽ 'കണ്ണൂരിൽ പോയാൽ നടപടി' എന്നു വാതുറന്ന് ഉച്ചരിക്കുമായിരുന്നില്ല. കൈവിട്ട ആയുധവും വാക്കും തിരിച്ചു വരില്ല. ഇനി ആരൊക്കെ ഏതൊക്കെ പാർട്ടികളിൽ ചേരുമായിരുന്നു എന്ന പട്ടിക തയാറാക്കുകയാണ് കുമ്പളങ്ങി.


****                                              ****                                     ****


പിള്ള മനസ്സിൽ കള്ളമില്ല. മുഴുവൻ പല്ലുകളും പുറത്തുകാട്ടി വെളുക്കെ ചിരിക്കുന്ന എം.വി. ഗോവിന്ദനെ കണ്ടാൽ ആരും അതു തന്നെ പറയും. ശബരിമലയിൽ യുവതീ മണികളെ കയറ്റുന്ന പ്രശ്‌നകാലത്താണ് അദ്ദേഹത്തിന്റെ കളങ്കമില്ലായ്മ ആദ്യം നാട്ടാരറിഞ്ഞത്. 'മലകയറാൻ വരുന്ന യുവതികളെ ഞങ്ങൾ, ച്ചാൽ, സംഘടനാ പ്രവർത്തകർ കൈപിടിച്ചു മുകളിൽ പടി കയറ്റിവിടും' എന്നത്രേ സഖാവ് പ്രസ്താവിച്ചത്. ഒരു വളവുകെട്ടുമില്ലാത്ത ഭാഷ. ലോക കമ്യൂണിസ്റ്റുകൾക്ക് മാതൃതയാക്കാവുന്ന അരുമയായ പ്രസ്താവന. ഈയിടെ അദ്ദേഹത്തിന്റെ ഉള്ളിലെ നിഷ്‌കളങ്കനായ 'പിള്ള' വീണ്ടും പുറത്തുവന്നു. പോലീസും സർക്കാരും വിചാരിച്ചാലൊന്നും അക്രമങ്ങൾ അവസാനിപ്പിക്കാനാകില്ല- എത്ര രോമാഞ്ചദായകമായ സത്യം! അമ്പതിനായിരം പോലീസുകാർ, ഇരുപത്തിയൊന്നു മന്ത്രിമാർ, സൂപ്പർ മന്ത്രി കണക്കാണെങ്കിൽ വാരം തോറും വർധിക്കുന്നുമുണ്ട്. ഇനി ആവശ്യം കേന്ദ്ര സേനയാണോ മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇറക്കുമതി ചെയ്യണമെന്നാണോ, ഒന്നും വ്യക്തമല്ല. പക്ഷേ ഇത്ര കളങ്കമില്ലാത്ത മനസ്സുമായി ഗോവിന്ദൻ സഖാവ് എങ്ങനെ മന്ത്രിക്കസേരയിൽ ഇനി തുടരുമെന്നു കണ്ടറിയണം. കുഞ്ഞുങ്ങളുടെ മനസ്സല്ല, കുറുക്കന്റെ ബുദ്ധിയാണ് ഇന്നത്തെ മന്ത്രിക്കാവശ്യം എന്നു സി.പി.എം സംസ്ഥാന കമ്മിറ്റിക്കു തോന്നിയാൽ പിറ്റേ ദിവസം സഖാവിന്റെ കാര്യം......


****                                              ****                                     ****


23 ന് വിദേശ ചികിത്സയ്ക്കു പോകുന്ന മുഖ്യമന്ത്രി 19 ാം തീയതി അതിവിപുലമായ ഒരു ജനക്കൂട്ടത്തെ തലസ്ഥാനത്ത് അഭിസംബോധന ചെയ്തു. കോഴിക്കോട്ട് അതേ ലാക്കോടെ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംബന്ധിച്ചത് അയ്യായിരം ഒഴിഞ്ഞ കസേരകളായിരുന്നു. അന്നാട്ടിലെ സഖാക്കളെല്ലാം തലസ്ഥാനമേള കൊഴുപ്പിക്കുവാൻ തെക്കോട്ടു വണ്ടികയറിയതായിരിക്കും. കെ-റെയിലിന്റെ പ്രതിഷേധം വടക്കു ദിക്കിൽ ഉഗ്രതാപമായി മാറിയിരിക്കാം. ഡി.വൈ.എഫ്.ഐ എന്ന ഡിഫിയുടെ തിരുവന്തോരം സമ്മേളനത്തിൽ സിൽവർ ലൈനിനെ എടുത്തിട്ടു അലക്കു കല്ലിൽ മാറി മാറി അടിച്ചുവെന്നാണ് പത്രവാർത്ത. എന്നിട്ടും വെളുത്തില്ല. എത്ര വെള്ള തേച്ചാലും ജനത്തിന്റെ മുഖം കറുത്താൽ പിന്നെ ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞേ നിറം മാറൂ... അതു മുൻകൂട്ടി ഗ്രഹിച്ചിട്ടാകണം, ആദ്യം സൂചിപ്പിച്ച 'പുത്തനച്ചി' പുറത്തുനിൽക്കുന്നവരെയൊക്കെ ക്ഷണിക്കാൻ തുടങ്ങിയത്. കൺവീനർ സ്ഥാനം പി. ശശിക്കായിരുന്നുവെങ്കിൽ, ക്ഷണിക്കുന്നതിൽ ചില 'ദോഷ'മൊക്കെ കണ്ടെത്താനാകുമായിരുന്നു. 'പ്രായമായാലും പുള്ളിപ്പുലിയുടെ പുള്ളി മായുകയില്ല' എന്നു പറഞ്ഞു മറ്റൊരു കണ്ണൂർ നേതാവ് പാർട്ടി യോഗത്തിൽ കളിയാക്കിയെന്ന് ഒരു 'മാധ്യമ സൃഷ്ടി' രഹസ്യമായി പ്രചരിക്കുന്നുണ്ട്; എല്ലാറ്റിനും കരുതൽ വേണം. 2024 - വളരെ അകലെയൊന്നുമല്ല.
 

Latest News