Sorry, you need to enable JavaScript to visit this website.

മനുഷ്യാവകാശങ്ങൾക്കു മേൽ ബുൾഡോസറുകൾ

ദൽഹിയിലെ ജഹാംഗീർപുരിയിലും മധ്യപ്രദേശിലെ ഖാർഗോണിലും സാമുദായിക സംഘർഷത്തിന്റെ മറപിടിച്ചു ഒരു പ്രത്യേക വിഭാഗത്തിന്റെ വീടുകളും സ്ഥാപനങ്ങളും അനധികൃത മുദ്ര കുത്തി ഇടിച്ചുനിരത്തിയത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന ഒരു പുതിയ ഭരണ വർഗം ഉയർന്നുവരുന്നതിന്റെ സൂചനയാണ്. എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയ ഈ പ്രവൃത്തി കോടതിയെപ്പോലും മറികടന്നാണ് നടത്തിയത്. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനം കോടതി തന്നെ ഇനി ഏറ്റെടുക്കണം.

 

നുഷ്യാവകാശങ്ങൾക്ക് മേൽ ബുൾഡോസർ ഉരുണ്ടുകയറുന്ന കിരാതവും ഭീതിദവുമായ കാഴ്ചക്ക് ബുധനാഴ്ച ഇന്ദ്രപ്രസ്ഥം സാക്ഷിയായി. ഏതാനും ദിവസം മുമ്പ് മധ്യപ്രദേശിൽ നടന്നതിന് സമാനമായ കാഴ്ച. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമാണോ എന്നു പോലും സംശയം തോന്നുന്ന തരത്തിൽ, എല്ലാ നിയമങ്ങളേയും കീഴ്‌വഴക്കങ്ങളേയും കാറ്റിൽ പറത്തിയാണ് ബുൾഡോസർ കെട്ടിടങ്ങൾക്ക് മേൽ പാഞ്ഞുകയറിയത്. രാജ്യതലസ്ഥാനത്തെ പരമോന്നത നീതിപീഠം സമയത്തിനൊത്ത് ഉയർന്നു പ്രവർത്തിച്ചതുകൊണ്ടു മാത്രം ആ ധാർഷ്ട്യത്തിന് താൽക്കാലിക വിരാമമായി.
പക്ഷേ അത് കൃത്യമായ ഒരു സൂചനയാണ്. നിയമങ്ങളോ ചട്ടങ്ങളോ ഭരണഘടനയോ ഒന്നും ബാധകമല്ലാത്ത, അരാജകത്വവും ഭയവും സൃഷ്ടിക്കുന്ന ഒരു പുതിയ ഭരണ വർഗത്തിന്റെ ഉദയത്തിന്റെ സൂചന. രാജ്യത്തെ പൗരന്മാരെ മതത്തിന്റെ പേരിൽ വിഭജിക്കാനും അവകാശങ്ങൾ ഹനിക്കാനും തങ്ങൾക്ക് മുന്നിൽ തടസ്സങ്ങളൊന്നുമില്ലെന്ന സൂചന. അപകടകരമായ മൗനം പാലിച്ചുകൊണ്ട് ഭരണാധികാരികൾ ഈ ബനാന റിപ്പബ്ലിക്കിലെ പുതിയ ഭരണ വർഗത്തിന് നിസ്സീമ പിന്തുണ നൽകുന്നു. അവർ ആഗ്രഹിക്കുന്നതിനപ്പുറത്തൊന്നുമല്ല ഈ പ്രവൃത്തികളെന്ന് എല്ലാവർക്കുമറിയാം.


വടക്കുപടിഞ്ഞാറൻ ദൽഹിയിലെ ജഹാംഗീർപുരിയിൽ ബുധനാഴ്ച രാവിലെ, ഹനുമാൻ ദർശനത്തോടനുബന്ധിച്ച് സാമുദായിക സംഘർഷമുണ്ടായ, ഇപ്പോഴും സംഘർഷ ഭരിതമായ പ്രദേശത്ത് 'അനധികൃത കൈയേറ്റങ്ങൾ' പൊളിച്ചുമാറ്റാൻ 1000 പോലീസുകാരുടെ അകമ്പടിയോടെ ഏഴ് ബുൾഡോസറുകളാണ് ഉരുട്ടിയത്. ശനിയാഴ്ച ജയന്തി ആഘോഷം  താൽക്കാലികമായി നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് ശേഷവും അവർ ഒരു മണിക്കൂറിലധികം ഈ കൊള്ളയടി ദൗത്യം തുടർന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നോർത്ത് ദൽഹി മുനിസിപ്പൽ കോർപറേഷൻ ബി.ജെ.പിയുടെ അജണ്ട നടപ്പാക്കിയതാണെന്നതിന് സംശയമൊന്നുമില്ല. കോടതിയുടെ കൈകൾ തങ്ങൾക്ക് നേരെ ഉയരുമ്പോഴും  നിയമത്തിന് വിരുദ്ധമാണെന്ന് വ്യക്തമായിട്ട് പോലും പൊളിക്കൽ ദൗത്യം അവസാനിപ്പിക്കാൻ അവർ തയാറായില്ല.
ഫലസ്തീൻ പോരാളികളുടെ വീര്യം കെടുത്താൻ ഇസ്രായിൽ ഉപയോഗിക്കുന്ന തന്ത്രത്തിന്റെ തനിയാവർത്തനമാണ് ദൽഹിയിൽ കണ്ടത്. ഇസ്രായിലിനെതിരായ പോരാട്ടം ദുർബലമാക്കാൻ ഫലസ്തീനികളുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുക ഇസ്രായിൽ പോലീസിന്റെ സ്ഥിരം പരിപാടിയാണ്. നിരന്തരം ഇങ്ങനെ ഭവനരഹിതരായ ആയിരങ്ങളാണ് അവിടെയുള്ളത്. അഭയമേകുന്ന വീടും വരുമാനം തരുന്ന കച്ചവട സ്ഥാപനങ്ങളും നഷ്ടമാകുന്നതോടെ അഭയാർഥികളായി അലയാൻ വിധിക്കപ്പെടുകയാണ് അവർ. ഒരു ജനവിഭാഗത്തെ മുഴുവൻ അഭയാർഥികളായി മാറ്റാൻ ഇതിൽപരം ഫലപ്രദമായ മറ്റൊരു തന്ത്രമില്ല.


മധ്യപ്രദേശിലും ദൽഹിയിലും ഈ തന്ത്രത്തിന്റെ ഇന്ത്യൻ പതിപ്പാണ് കണ്ടത്. ദിവസങ്ങൾക്ക് മുമ്പ് മധ്യപ്രദേശിലെ ഖാർഗോണിലെന്ന പോലെ ജഹാംഗീർപുരിയിലും സമയക്രമം നിർണായകമായിരുന്നു. വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബി.ജെ.പി ഭരണകൂടം 'ലഹളക്കാരെ' ലക്ഷ്യം വെക്കുകയും 'അനധികൃത കൈയേറ്റം' പൊളിക്കുകയും ചെയ്യുന്നു. ലഹളകൾ സൃഷ്ടിക്കപ്പെടുന്നതാണെന്നും അതിന് പിന്നിൽ ഇത്തരം കുത്സിതമായ ലക്ഷ്യങ്ങളുണ്ടെന്നും പകൽപോലെ വ്യക്തമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെമ്പാടും വർഗീയ സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണ്. ചെറിയ ചെറിയ കാര്യങ്ങൾ ഊതിവീർപ്പിച്ചും പ്രകോപനങ്ങളുണ്ടാക്കിയും മതവിശ്വാസപരമായ പ്രശ്‌നങ്ങളിൽ കയറിപ്പിടിച്ചുമൊക്കെ ജനങ്ങളെ തെരുവിലിറക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. ചെറിയ രീതിയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതോടെ ഭരണകൂടത്തിന് ഇടപെടാൻ അവസരമൊരുങ്ങുന്നു. കിട്ടിയ തക്കം നോക്കി അവർ ബുൾഡോസറുകളുമായി ഇറങ്ങുന്നു. അങ്ങനെ കനത്ത ഇരുമ്പു ചക്രങ്ങൾ കയറിയിറങ്ങുന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ 'അനധികൃത' കെട്ടിടങ്ങൾക്ക് മേലാണെന്ന് മാത്രം. 


അനധികൃത കെട്ടിടം പൊളിച്ചുമാറ്റണമെങ്കിൽ പോലും നിയമപ്രകാരമേ സാധിക്കൂ. വ്യക്തമായ ചട്ടങ്ങൾ പാലിച്ചുകൊണ്ടേ അങ്ങനെ ചെയ്യാൻ പാടുള്ളൂ. കെട്ടിടമുടമക്ക് നോട്ടീസ് നൽകണം, സ്വയം പൊളിച്ചുമാറ്റാനുള്ള സാവകാശം നൽകണം, കോടതിയിൽ പോകാൻ അവസരം ലഭിക്കണം. ഇതൊന്നുമില്ലാതെ നിമിഷനേരം കൊണ്ട് എല്ലാം തവിടുപൊടിയാകുന്ന മായാജാലമാണ് ഖാർഗോണിലും ദൽഹിയിലും കണ്ടത്. 
സംഘർഷത്തിന്റെ കേന്ദ്രമായ പള്ളിയുടെ പരിസരത്ത്, കെട്ടിടങ്ങൾ പൊളിക്കാൻ ബുൾഡോസറുകൾ അയയ്ക്കുന്നതിന് മുമ്പ് ജഹാംഗീർപുരി നിവാസികൾക്ക് നോട്ടീസ് അയച്ചിരുന്നില്ല. പൊതുഭൂമി കൈയേറിയുള്ള താൽക്കാലിക നിർമാണ പ്രവർത്തനങ്ങളല്ലെങ്കിൽ നോട്ടീസ് അയക്കണമെന്നാണ് ചട്ടം. താത്കാലിക കെട്ടിടങ്ങളാണോ അല്ലേ എന്നത് തീർപ്പാക്കേണ്ടതു പോലും  നടപടിക്രമങ്ങൾ അനുസരിച്ചാണ്. ഒരു ബുൾഡോസർ ഉണ്ടാക്കുന്ന കേടുപാടുകളും നഷ്ടവും തിരിച്ചുപിടിക്കാൻ കഴിയുന്നതല്ല.  നടപടിക്രമങ്ങളുടെ ഈ നഗ്‌നമായ ലംഘനം കോടതി ഇടപെട്ട ശേഷവും തുടർന്നു. 


ഈ കിരാത ബുൾഡോസർ രാഷ്ട്രീയത്തിന് മുന്നിൽ രക്ഷയില്ലാതെ അവശരാകുന്നത് ജഹാംഗീർപുരിയിലെ സാധാരണക്കാർ മാത്രമല്ല, നിയമവാഴ്ചക്കെതിരായ ഏതൊരു ആക്രമണവും എല്ലാ പൗരന്മാരെയും ബാധിക്കുന്നതാണ്. ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അടിസ്ഥാന അവകാശത്തിന്റെ ലംഘനമായി ഇത് മാറുന്നു. ജീവൻ സംരക്ഷിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള അവകാശമാണത്.  ശരിയായ നടപടിക്രമം എന്നത് നിയമ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് മാത്രമല്ല, സ്ഥാപനങ്ങളും പൗരന്മാരും സർക്കാരും തമ്മിലുള്ള ദൈനംദിന ബന്ധങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടതു കൂടിയാണ്. അതാണ് അവരെ സത്യസന്ധരാക്കി നിലനിർത്തുന്നത്, പരസ്പരം സ്വാതന്ത്ര്യങ്ങളെയും ഇടങ്ങളെയും ബഹുമാനിക്കാൻ പ്രേരിപ്പിക്കുന്നത്.  


ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് നടന്ന ദൃശ്യങ്ങൾ, ബുൾഡോസറുകളുടേയും പോലീസ് സേനയുടേയും ഭയപ്പെടുത്തുന്ന വിന്യസിക്കൽ, ജുഡീഷ്യറിക്ക് നേരെ ഒളിച്ചുകളി നടത്താനുള്ള ശ്രമം, ഇതിനെതിരെ ജാഗ്രതാപൂർണമായ ഇടപെടൽ ആവശ്യമാണ്. പൊതു ഇടങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്.  എന്നാൽ അത് നിയമപ്രകാരമായിരിക്കണം. അല്ലാതെ ഒരു ജനവിഭാഗത്തോടുള്ള പ്രതികാര വാഞ്ഛയോടു കൂടിയ പ്രവൃത്തിയാകരുത്. ഈ തത്വത്തിന് അടിവരയിടേണ്ടത് സുപ്രീം കോടതിയാണ്. നിയമം ലംഘിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പൗരന്റെ ഏക സംരക്ഷണമാണ് കോടതി. അതാണ് കോടതിയിൽനിന്ന് രാജ്യം പ്രതീക്ഷിക്കുന്ന പൗരധർമം.

Latest News