കോവിഡ് ബാധിക്കാതിരിക്കാന്‍ രണ്ടുമാസം വാട്ടര്‍ ടാപ്പ് തുറന്നിട്ടു, സ്‌കൂളിന് 20 ലക്ഷത്തിന്റെ ബില്‍

ടോക്കിയോ- കോവിഡ് ബാധിക്കാതിരിക്കാന്‍ സ്വിമ്മിംഗ് പൂളിലേക്കുള്ള ടാപ്പ് മാസങ്ങളോളം തുറന്നിട്ടതിനെ തുടര്‍ന്ന് ജപ്പാനില്‍ ഒരു സ്‌കൂളിന് ലഭിച്ച വാട്ടര്‍ ബില്‍ 27,000 ഡോളര്‍ (ഏകദേശം 20 ലക്ഷം രൂപ).  
പൂളിന്റെ ചുമതലയുള്ള ഒരു അധ്യാപകനാണ് ശുദ്ധ ജലം സ്ഥിരമായി ഒഴുകുന്നത് കോവിഡ് രഹിതമായി നിലനിര്‍ത്തുമെന്ന് കരുതി ടാപ്പ് പൂട്ടാതെ പോയത്. ജൂണ്‍ അവസാനം മുതല്‍ സെപ്റ്റംബര്‍ ആദ്യം വരെ ടാപ്പിലൂടെ വെള്ളം ഒഴുകിയത്.
ക്ലോറിന്‍, ഫില്‍ട്ടറിംഗ് മെഷീനുകള്‍ എന്നിവയാണ് നീന്തല്‍ കുളത്തിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ പുതിയ വെള്ളം കോവിഡ് തടയാന്‍ സഹായമാകുമെന്ന വിവിരം അധ്യാപകര്‍ക്ക്  എവിടെനിന്നാണ് ഭിച്ചതെന്ന് അറിയില്ലെന്ന് പ്രാദേശിക വിദ്യാഭ്യാസ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അകിര കോജിരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സ്‌കൂളിലെ മറ്റു ജീവനക്കാരില്‍ ചിലര്‍ ടാപ്പ് തുറന്നിട്ടത് കണ്ട് അടച്ചിരുന്നുവെങ്കിലും ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ വീണ്ടും തുറക്കുകയായിരുന്നു.
ഇതുകാരണം  രണ്ട് മാസത്തിനുള്ളില്‍ ഏകദേശം 4,000 ടണ്‍ അധിക ജലമാണ് ഉപയോഗിക്കപ്പെട്ടതെന്നും 11 തവണ കുളം നിറക്കാന്‍ മതിയായ വെള്ളമാണിതെന്നും കോജിരി പറഞ്ഞു.  
മധ്യ ജപ്പാനിലെ യോകോസുകയിലെ പ്രാദേശിക അധികൃതര്‍ അധ്യപകനോടും രണ്ട് സൂപ്പര്‍വൈസര്‍മാരോടും ബില്ലിന്റെ പകുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.

 

Latest News