Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ മൗലവി അറസ്റ്റിലായി; സംഘടനകളേയും വെറുതെ വിടില്ലെന്ന് മന്ത്രി

ബംഗളൂരു- ഹുബ്ബള്ളിയില്‍ (ഹൂബ്ലി) അടുത്തിടെ നടന്ന അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ ചില സംഘടനകള്‍ ഉള്‍പ്പെടെ നിരവധി അദൃശ്യ കരങ്ങളുണ്ടെന്ന്  കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര.
ഹുബ്ബള്ളിയില്‍ വലിയ തോതിലുള്ള അക്രമങ്ങളാണ് നടക്കേണ്ടിയിരുന്നത്. പോലീസ് വളരെ വേഗത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണ് രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. ആള്‍ക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മൗലവിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  സംഭവത്തിന് പിന്നില്‍ ആരാണെന്നും ഉള്‍പ്പെട്ട സംഘടനകളെക്കുറിച്ചും അന്വേഷണം തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.  
അക്രമത്തിന് പ്രേരണ നല്‍കുന്നതില്‍ പല അദൃശ്യ കൈകള്‍ക്കും പങ്കുണ്ട്. നിരപരാധികളെ അക്രമത്തിന് പ്രേരിപ്പിച്ച്  തെരുവിലിറക്കുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക സമുദായത്തിനെതിരെ സമൂഹത്തില്‍ അശാന്തി ഉണ്ടാക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ട്.  അവര്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയാം. അവരെ നിരോധിക്കുക, നിയന്ത്രിക്കുക തുടങ്ങിയ പല കാര്യങ്ങളിലും ആലോചന നടക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന വസീം പത്താന്‍ എന്ന മതപണ്ഡിതനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലുണ്ടായ അക്രമങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.
പള്ളിയില്‍ കാവി പതാക ഉയര്‍ത്തിയതായി കാണിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ പ്രതിഷേധിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീപ്പില്‍ നിന്നുകൊണ്ട് പത്താന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  
പ്രസംഗത്തിന് ശേഷമാണ് ജനക്കൂട്ടം പോലസ് സ്‌റ്റേഷനിലേക്ക് നീങ്ങിയ ജനങ്ങള്‍  നിരവധി പോലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും കല്ലെറിയുകയും ചെയ്തത്. സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു.
കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 134 ആയി.

 

Latest News