Sorry, you need to enable JavaScript to visit this website.

ഇല്‍ഹാന്‍ ഉമറിന്റേത് വ്യക്തിപരമായ സന്ദര്‍ശനം; ഇന്ത്യയുടെ വിമര്‍ശനത്തിനുശേഷം അമേരിക്ക

ന്യൂദല്‍ഹി- അടുത്തിടെ പുറത്താക്കപ്പെട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായുള്ള യു.എസ് ജനപ്രതിനിധി ഇല്‍ഹാന്‍ ഉമറിന്റെ കൂടിക്കാഴ്ചയും പാക്കധീന കശ്മീരിലെ അവരുടെ  വ്യക്തിപരമായ സന്ദര്‍ശനവും ഒരു തരത്തിലും അമേരിക്കന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നതല്ലെന്ന് വിശദീകരണം.

ഇല്‍ഹാന്റേത് അനൗദ്യോഗിക വ്യക്തിഗത സന്ദര്‍ശനമാണെന്നും യു.എസ് സര്‍ക്കാരിന്റെ ഭാഗത്ത് ഇത് ഒരു നയ മാറ്റത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ കൗണ്‍സിലര്‍ ഡെറക് ചോലെറ്റ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരിയായ നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് പാക്കിസ്ഥാനിലെത്തിയത്.
സോമാലിയന്‍ അമേരിക്കന്‍ വംശജയായ ഇല്‍ഹാന്‍ ബുധനാഴ്ച ഇംറാന്‍ ഖാനെ കാണുകയും പാക്കധീന കശ്മീര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
അമേരിക്കയില്‍നിന്ന് കൂടുതല്‍ ശ്രദ്ധ കശ്മീരിന് ലഭിക്കണമെന്നാണ് പാക്കധീന കശ്മീര്‍ സന്ദര്‍ശിച്ച ശേഷം അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

യു.എസ് കോണ്‍ഗ്രസിലും ഭരണതലത്തിലും കശ്മീര്‍ വിഷയത്തിന് ആവശ്യമായ പരിഗണന ഇനിയും ലഭിച്ചതായി കരുതുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

യു.എസ് ജനപ്രതിനിധി സഭയില്‍ മിനസോട്ടയെ പ്രതിനിധീകരിക്കുന്ന ഇല്‍ഹാന്‍ ഉമറിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനം പുതിയ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒരു അമേരിക്കന്‍ ജനപ്രതിനിധി നടത്തുന്ന ആദ്യ സന്ദര്‍ശനമാണ്.
പാക്കധീന കശ്മീരില്‍ നടത്തിയ സന്ദര്‍ശനത്തിനും പ്രസ്താവനക്കും പുറമെ, തന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ അമേരിക്ക ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച ഇംറാന്‍ ഖാനെ ബനി ഗാലയിലെ വസതിയില്‍ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതും വിമര്‍ശിക്കപ്പെടുന്നുണ്ട്.
ഇല്‍ഹാന്‍ ഉമറിന്റെ പാക്കധിനിവേശ കശ്മീരില്‍ നടത്തിയ സന്ദര്‍ശനം ഇന്ത്യയുടെ അഖണ്ഡതയുടെയും പരമാധികാരത്തിന്റെയും ലംഘനമാണെന്നും അവരുടെ ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി  ഇന്ത്യ വ്യാഴാഴ്ച അപലപിച്ചിരുന്നു.

സന്ദര്‍ശനം അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കന്‍ കോണ്‍ഗ്രസിലെക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ  ആഫ്രിക്കന്‍ വംശജയാണ് ഇല്‍ഹാന്‍ ഉമര്‍.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ പ്രശ്‌നത്തിലും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന നടപടികളിലും എന്തു കൊണ്ട് മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ലെന്ന് ഇല്‍ഹാന്‍ ഉമര്‍ നേരത്തെ ചോദിച്ചിരുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് ഇതിന് ബൈഡന്‍ ഭരണകൂടം നല്‍കിയ മറുപടി.

 

Latest News