വിജയവാഡ- ആന്ധ്രപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന ദളിത് യുവതിയെ ആശുപത്രി കോമ്പൗണ്ടില്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ വിജയവാഡ ജിജിഎച്ചിലെ മൂന്ന് കരാര്‍ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. 23 കാരിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചതും സംഭവം പുറത്തറിഞ്ഞതും.
ആശുപത്രിയിലെ കരാര്‍ ജീവനക്കാരനായ ദാര ശ്രീകാന്തിന്റെ കൂടെയാണ് യുവതിയെ അവസാനമായി കണ്ടതെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാന്തി റാണ ടാറ്റ പറഞ്ഞു.
ജിജിഎച്ചില്‍ ജോലി വാഗ്ദാനം ചെയ്തതാണ് യുവതിയെ ശ്രീകാന്ത് ആശുപത്രിയില്‍ എത്തിച്ചത്. അവിടെയെത്തിയ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചു.
രാത്രി മുഴുവന്‍ യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇയാള്‍ ജിജിഎച്ചിലെ ശുചീകരണ തൊഴിലാളികളുടെ മുറിയില്‍ ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞു.
മുറിയില്‍ യുവതിയെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ ശുചീകരണ തൊഴിലാളികളായ ചെന്നു ബാബു റാവു, ജെ പവന്‍ കല്യാണ്‍ എന്നിവരും ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ശ്രീകാന്ത് കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ശുചീകരണത്തൊഴിലാളികളുടെ മുറിയില്‍ കയറുകൊണ്ട് ബന്ധിച്ച നിലയില്‍ കണ്ടെത്തിയ യുവാതി പോലീസ് രക്ഷപ്പെടുത്തിയത്.