ഉഡുപ്പി- ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ആദ്യം ഹരജി നല്‍കിയ രണ്ട് വിദ്യാര്‍ഥിനികളെ ഇന്ന് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തിരിച്ചയച്ചു.
രണ്ട് പെണ്‍കുട്ടികളും ഹിജാബ് ധരിച്ചാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയിരുന്നത്. എന്നാല്‍ രണ്ടാം വര്‍ഷ പിയുസി പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ല. നേരത്തെ ലഭിച്ച ഹാള്‍ ടിക്കറ്റുകളുമായാണ് ആലിയ അസ്സാദി, രേഷം എന്നീ വിദ്യാര്‍ഥിനികള്‍
ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ എത്തിയത്.
45 മിനിറ്റോളം ഇന്‍വിജിലേറ്റര്‍മാരോടും കോളേജ് പ്രിന്‍സിപ്പലിനോടും അവര്‍ ആവശ്യപ്പെട്ടെങ്കിലും കര്‍ണാടക സര്‍ക്കാരിന്റെ നിരോധനം നിലനിര്‍ത്തിക്കൊണ്ടുള്ള കോടതി വിധി ചൂണ്ടിക്കാട്ടി ഇളവ് നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ കണ്ണീരോടെ മടങ്ങി.
യൂനിഫോം നയം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കര്‍ണാടക ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളി ഹിജാബ് നിരോധിച്ച അധികൃതര്‍ എസ്എസ്എല്‍സി, പിയുസി പരീക്ഷകളും എഴുതാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
കര്‍ണാടക എസ്എസ്എല്‍സി പരീക്ഷയ്ക്കിടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പിയുസി പരീക്ഷയ്ക്കും നിരോധം ബാധകമാക്കി.
കര്‍ണാടകയിലെ രണ്ടാം വര്‍ഷ പിയുസി (പന്ത്രണ്ടാം ക്ലാസ്) വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഏകദേശം ഏഴ് ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.