പതിനായിരങ്ങൾക്ക് വിശപ്പകറ്റി മൂന്നാക്കൽ പള്ളി

മലപ്പുറം- ജാതി, മത ഭേദമന്യേ അന്നദാനത്തിന്റെ മഹത്തായ മാതൃകയായി വളാഞ്ചേരിക്കടുത്ത് മൂന്നാക്കൽ പള്ളി. മഹല്ല് പരിധിയിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും അരി നൽകുന്ന പതിവ് മൂന്നാക്കൽ പള്ളിയിൽ തുടങ്ങിയിട്ട് വർഷങ്ങളായി. നാട്ടിൽ ദാരിദ്ര്യം കൊടികുത്തി വാണിരുന്ന പഴയ കാലത്ത് കഞ്ഞിവെച്ച് പാർച്ച എന്ന നേർച്ച ഇവിടെ നടന്നിരുന്നു. 
നേർച്ചയായി കിട്ടുന്ന അരി കഞ്ഞിവച്ച് നൽകുകയായിരുന്നു ആദ്യം. പിന്നീട് അരി വിതരണം തുടങ്ങി. ആദ്യ കാലത്ത് അഞ്ച് ചാക്ക് അരിയായിരുന്നു ഒരു ദിവസം വിതരണം ചെയ്തിരുന്നത്. പിന്നീടത് പത്തും നൂറുമായി വർധിച്ചു. ഇപ്പോൾ ഒരാഴ്ചയിലെ വിതരണത്തിന് 2,400 ചാക്ക് അരി വേണം. മഹല്ലിലെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങൾക്കും ഈ കുടുംബങ്ങളിൽ നിന്ന് മലപ്പുറം  ജില്ലയിലെ എടയൂർ, വളാഞ്ചേരി, ഇരിമ്പിളിയം, കുറുവ, മാറാക്കര, ആതവനാട്, മൂർക്കനാട്, പുലാമന്തോൾ, കുറ്റിപ്പുറം, അങ്ങാടിപ്പുറം, പുഴക്കാട്ടിരി, കാലടി, തവനൂർ, പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, പള്ളിപ്പുറം, പരുതൂർ, വിളയൂർ, കൊപ്പം തുടങ്ങിയ പഞ്ചായത്തുകളിലേക്ക് വിവാഹം ചെയ്തയച്ചവരുടെ പതിനാലായിരത്തോളം കുടുംബങ്ങൾക്കും മഹല്ലിൽ നിന്ന് അരി നൽകുന്നു. അരിയുടെ ലഭ്യതക്കനുസരിച്ച് ഒരു കുടുംബത്തിന് 12 കിലോ മുതൽ 15 കിലോ വരെയാണ് വിതരണം ചെയ്യുന്നത്. റമദാനിൽ 20 കിലോ വരെയാകും. 
പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിന്റെ താവഴിയിൽപ്പെട്ടവരായിരുന്നു ആദ്യ കാലത്ത് മൂന്നാക്കൽപള്ളിയിലെ ഖാസിമാർ. നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ പള്ളിക്ക്. അങ്ങാടിക്കുന്നിന് കീഴിലാണ് പള്ളി നിർമിച്ചത്. വലിയ ജലദൗർലഭ്യം നേരിടുന്ന പ്രദേശം. പള്ളിയിലെ ഹൗളിലേക്കാവശ്യമായ വെള്ളം അടിവാരത്തുനിന്നു കുടത്തിൽ ശേഖരിച്ച് കൊണ്ടുവന്ന് നിറച്ചിരുന്ന ഒരു നേർച്ചയുണ്ടായിരുന്നു. ഇന്നും ആ രീതി തുടരുന്നുണ്ട്. 
അരി കൂടാതെ ഖുർആനുകൾ, മുസല്ലകൾ, നിസ്‌കാരപ്പായകൾ തുടങ്ങിയവയും പള്ളിയിലേക്ക് വിശ്വാസികൾ നൽകാറുണ്ട്. ഇതൊക്കെ സമീപത്തെ യതീംഖാനകളിലേക്കും പള്ളികളിലേക്കും നൽകുകയാണ് പതിവ്. എല്ലാ ഞായറാഴ്ചയും രാവിലെ ആറര മുതൽ ഉച്ചക്ക് 12.30 വരെയാണ് അരിവിതരണം. കൂടാതെ നിരവധി റിലീഫ് പ്രവർത്തനങ്ങളും കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്നുണ്ട്. മഹല്ലിലെ നിർധന കുടുംബങ്ങൾക്കുള്ള വിവാഹ ധനസഹായം, ചികിത്സാസഹായം, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു. മാവണ്ടിയൂർ, തിണ്ടലം എന്നീ രണ്ട് ഉപ മഹല്ലുകളും 12 നിസ്‌കാര പള്ളികളും ഏഴ് മദ്‌റസകളും വാഫി കോളജും ഹയർസെക്കൻഡറി, ഡിഗ്രി കോഴ്‌സുകൾ അടങ്ങിയ വനിതാ കോളേജും മഹല്ല് കമ്മിറ്റിയുടെ കീഴിലുണ്ട്. 2014 മുതൽ വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലാണ് പള്ളിയുടെ പ്രവർത്തനം. ബോർഡ് നിയമിച്ച കെ.രായിൻകുട്ടിയാണ് ഇപ്പോഴത്തെ മുതവല്ലി. 

Latest News