ന്യൂദല്‍ഹി-പൗരത്വ പ്രക്ഷോഭത്തിനു പിന്നാലെ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെ ജെ.എന്‍.യു മുന്‍ വിദ്യര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി കഴിഞ്ഞ മാര്‍ച്ച് 24ന് തള്ളിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് സിദ്ധാര്‍ത്ഥ മൃദുല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ത്ത് യുഎപിഎ ചുമത്തി 2020 സെപ്റ്റംബര്‍ 13 നാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
ഉമര്‍ ഖാലിദിനെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കരുതാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യാപേക്ഷ തള്ളിയത്.
2019 ഡിസംബറില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതു മുതല്‍ 2020 ഫെബ്രുവരിയിലെ കലാപം വരെയുള്ള കാലയളവില്‍ പ്രതിഷേധ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു പ്രതിയെന്നും നിരവധി പ്രതികളുമായി ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കലാപം നടക്കുമ്പോള്‍ പ്രതി ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഗൂഢാലോചന കേസില്‍ എല്ലാ പ്രതികളും സംഭവസ്ഥലത്ത് ഉണ്ടാകേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2019 ഡിസംബര്‍ നാലിന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനുശേഷം നടന്ന വലിയ തോതിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ദല്‍ഹി കലാപമെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (എസ്പിപി) അമിത് പ്രസാദ് ജാമ്യത്തെ എതിര്‍ത്തുകൊണ്ട് വാദിച്ചത്.
മുഴുവന്‍ ഗൂഢാലോചനയിലും വ്യക്തികള്‍ വഴി ആസ്മി, എസ്.ഐ.ഒ, എസ്.എഫ്.ഐ തുടങ്ങിയ വിവിധ സംഘടനകള്‍ പങ്കെടുത്തിട്ടുണ്ടെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു.
വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ 53 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അക്രമവുമായി ബന്ധപ്പെട്ടതാണ് കേസ്.
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നിവര്‍ക്കെതിരെയാണ് ദല്‍ഹി പോലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്.