ബംഗളൂരു സൂപ്പര്‍ ഡീലക്‌സില്‍ യാത്രക്കാരിയെ കയറിപ്പിടിച്ചു, ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട- കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത യുവതിയോട് ലൈംഗികാതിക്രമം കാണിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഓഫീസര്‍ക്ക് ഇ-മെയിലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവര്‍ ഷാജഹാനെ സസ്‌പെന്റ് ചെയ്തത്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് വൈകിട്ട് അഞ്ചിന് ബംഗളൂരുവിലേക്ക് പുറപ്പെടുന്ന സൂപ്പര്‍ ഡീലക്‌സ് ബസിലെ ഡ്രൈവര്‍മാരില്‍ ഒരാളായ ചിറ്റാര്‍ സ്വദേശി ഷാജഹാനെതിരെ കോട്ടയം സ്വദേശിനിയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ 16 ന് പുലര്‍ച്ചെ രണ്ടിന് കൃഷ്ണഗിരിയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് പറയുന്നു. ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ യുവതി പി.ജിക്ക് പഠിക്കുകയാണ്. വിഷുവിനോട് അനുബന്ധിച്ച് കോട്ടയത്തെ വീട്ടില്‍ വന്ന ശേഷം 15 ന് വൈകിട്ടുള്ള ബംഗളൂരു ബസില്‍ മടങ്ങുമ്പോഴാണ് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് പരാതിയില്‍ പറയുന്നു. ബസിന്റെ വിന്‍ഡോ നീക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇവര്‍ ഡ്രൈവറുടെ സഹായം തേടുകയായിരുന്നു. ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഡ്രൈവര്‍ യുവതിയെ കടന്നുപിടിച്ചുവെന്നാണ് പരാതി. അപ്രതീക്ഷിതമായ ആക്രമണമായതിനാല്‍ ആ സമയം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നല്‍കുന്നതെന്നും യുവതി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് ഡ്രൈവര്‍മാരാണുണ്ടാവുക. രണ്ടാമത്തെയാള്‍ ബസ് ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് യുവതി വിശ്രമത്തിലായിരുന്ന ഡ്രൈവറുടെ സഹായം തേടിയത്. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഓഫീസര്‍ പരാതി പത്തനംതിട്ട ഡി.ടി.ഓയ്ക്കും വിജിലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജിനും കൈമാറിയിട്ടുണ്ട്. കുറ്റം നിഷേധിച്ച ഡ്രൈവര്‍ താന്‍ നിരപരാധിയാണെന്നാണ് അവകാശപ്പെടുന്നത്. ഈ ഡ്രൈവര്‍ മുമ്പ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാളാണ്. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാളെ പത്തനംതിട്ട ജില്ലയ്ക്ക് വെളിയിലേക്ക് വിട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച് തിരിച്ചെത്തി. നിലവില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

 

 

Latest News