Sorry, you need to enable JavaScript to visit this website.

പ്രശാന്ത് കിഷോര്‍ നാളെ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തും

ന്യൂദല്‍ഹി- കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി നാളെ ചര്‍ച്ച നടത്തും. കോണ്‍ഗ്രസില്‍ ചേരുന്നതു സംബന്ധിച്ച തന്നെയാണ് ചര്‍ച്ചയെന്ന് പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കുന്നു.

സോണിയാ ഗാന്ധിയുമായി  നാളെ നടത്തുന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും   പങ്കെടുക്കും. 600 സ്ലൈഡുകളുടെ പ്രസന്റേഷനാണ് കിഷോര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഇത് പൂര്‍ണമായി ആരും കണ്ടിട്ടില്ലെന്നും പറയുന്നു.

അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് ലഭ്യമായ സൂചനകള്‍.
ഏപ്രില്‍ 16നും 18നും കിഷോര്‍ സോണിയാ ഗാന്ധിയെ കണ്ടിരുന്നു.

കിഷോറിന്റെ നിര്‍ദേശങ്ങള്‍ വിലയിരുത്തിയാണ് കോണ്‍ഗ്രസ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
 പൊതുതെരഞ്ഞെടുപ്പിനായി കിഷോര്‍ വിശദമായ പ്രസന്റേഷനാണ് നല്‍കിയിരിക്കുന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസില്‍ കിഷോറിന്റെ പങ്ക് ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമാകുമെന്നും  അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് പോരാടണമെന്നും തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഖ്യമുണ്ടാക്കണമെന്നുമുള്ള കിഷോറിന്റെ നിര്‍ദേശങ്ങള്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചിരുന്നു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ 370 ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കിഷോര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള കോണ്‍ഗ്രസിന്റെ  ഒരുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് തിരക്കിട്ട കൂടിയാലോചനകള്‍.  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് പ്രശാന്ത് കിഷോറുമായുള്ള  കോണ്‍ഗ്രസ് പുനരാരംഭിച്ചത്.

 

Latest News