അഹമ്മദാബാദ്- ദളിത് നേതാവും ഗുജറാത്തിലെ എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍. അസം പോലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30 ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
ജിഗ്‌നേഷിനെതിരെ എന്ത് കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. എഫ്.ഐ.ആറിലെ വിവരങ്ങളും പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. രാത്രി തന്നെ പാലംപൂരില്‍ നിന്ന് അഹമ്മദബാദിലെത്തിച്ച മേവാനിയെ ട്രെയിന്‍ മാര്‍ഗം ഗുവാഹതിയിലേക്ക് കൊണ്ടുപോയി. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ദളിതുകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജിഗ്‌നേഷ് മേവാനി കഴിഞ്ഞ വര്‍ഷമാണ് കനയ്യ കുമാറിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസമില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്‌റ്റെന്നാണു വിവരം. വ്യക്തമായ വിവരങ്ങള്‍ ബോധിപ്പിക്കാതെയാണ് അസം പോലീസ് ജിഗ്‌നേഷിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. ജിഗ്‌നേഷിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നു ന്യൂദല്‍ഹിയില്‍ പ്രതിഷേധിക്കും. 'ഭരണഘടനയെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാകും പ്രതിഷേധം.