Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ പ്രതിഛായ തകര്‍ന്നുവെന്ന് ശശി തരൂര്‍; ന്യൂനപക്ഷ പീഡനവും ഇസ്ലാം ഭീതിയും മുഖമുദ്ര

ന്യൂദല്‍ഹി- ആഗോളതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ശശി തരൂര്‍ എം.പി.
ജഹാംഗീര്‍പുരില്‍ ഉദ്യോഗസ്ഥരുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി സ്‌റ്റേ ചെയത് കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രതിച്ഛായ ലോകമെമ്പാടും താഴേക്ക് പോവുകയാണ്. വിദേശത്തുള്ള  സുഹൃത്തുക്കളില്‍നിന്ന് കേള്‍ക്കുന്നതെല്ലാം വളരെ നിഷേധാത്മകമായ കാര്യങ്ങളാണ്. ന്യൂനപക്ഷ പീഡനവും ഇസ്‌ലാമോഫോബിയയും കൊണ്ടാണ് ഇന്ത്യ ഇപ്പോള്‍ അറിയപ്പെടുന്നത്. നമ്മുടെ ജനാധിപത്യത്തിനും വൈവിധ്യത്തിനുമാണ് ഇതുവരെ ആദരവ് ലഭിച്ചിരുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ്  ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കുന്നത്.
ലജ്ജാകരമായ നിലപാടിലൂടെ സര്‍ക്കാര്‍ ഇന്ന് നിരവധി പൗരന്മാരുടെ വിശ്വാസം നഷ്ടപ്പെടുത്തി. നിര്‍മണത്തിനായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നശീകരണം തെരഞ്ഞെടുത്തു. സര്‍ക്കാരിന്റെ ജോലി രാഷ്ട്രത്തെ കെട്ടിപ്പടുക്കുക എന്നതാണ്. അതിനെ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുകയല്ല-  അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  ജഹാംഗീര്‍പുരി പ്രദേശത്ത് ബുധനാഴ്ച രാവിലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തിരുന്നു. അര്‍ദ്ധസൈനികരേയും പോലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ച ശേഷമാണ് കെട്ടിടങ്ങള്‍ തകര്‍ത്തത്.  സുപ്രീം കോടതി സ്‌റ്റേ ചെയ്‌തെങ്കിലും രേഖമൂലമുള്ള ഉത്തരവ് ലഭിക്കുന്നതു വരെ കെട്ടിടങ്ങള്‍ പൊളിക്കല്‍ തുടര്‍ന്നു.


വീടുകളും കടകളും നശിപ്പിച്ചത് തികച്ചും ക്രിമിനല്‍ നടപടിയാണ്. ഇതിനെതിരെ  ഗുരുതരമായ നടപടിയുണ്ടാകണം. ഇത് നമ്മുടെ രാജ്യത്തെ ചുട്ടുകളയാന്‍ പോകുന്ന പുതിയ ഭീഷണിപ്പെടുത്തല്‍ വിദ്യയാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ്-  തരൂര്‍ പറഞ്ഞു.

 

Latest News